തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിഗതികൾ വിശദീകരിക്കുന്ന ധവളപത്രത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രകടനത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. കെഎസ്ആർടിസി, കേരള വാട്ടർ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി ധവളപത്രത്തിൽ വ്യക്തമാക്കുന്നു.
ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലനിർത്തുന്നതിനായി ഓരോ വർഷവും വൻതുക സബ്‌സിഡിയായും ഗ്രാന്റായും സർക്കാർ നൽകേണ്ടിവരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25 സാമ്പത്തിക വർഷത്തിൽ 78,851 കോടി രൂപയിലെത്തിയതായും ധവളപത്രം വ്യക്തമാക്കുന്നു.
കൊച്ചി മെട്രോ റെയിൽ പദ്ധതിയും പ്രതിമാസം ഏകദേശം 35 കോടി രൂപയുടെ നഷ്ടം നേരിടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനവും ചെലവും തമ്മിലുള്ള വലിയ അന്തരം പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 2026 മാർച്ച് 31-ലെ കണക്കുപ്രകാരം 5.07 ലക്ഷം കോടി രൂപയിലെത്തിയതായും ഇത് സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 35.5 ശതമാനമാണെന്നും ധവളപത്രം വ്യക്തമാക്കുന്നു. ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി മാത്രം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനത്തിലധികം ചെലവാകുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ ജീവനക്കാരുടെ ഡി.എ. കുടിശ്ശികയായി 21,670 കോടി രൂപയും പെൻഷൻകാരുടെ ഡി.ആർ. കുടിശ്ശികയായി 14,387 കോടി രൂപയും നിലവിലുണ്ടെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക നിയന്ത്രണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കലും വരുംകാലങ്ങളിൽ സർക്കാരിന് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് വിലയിരുത്തൽ.

