Home Keralaകാലവർഷം ശക്തിപ്രാപിക്കുന്നു; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരത്ത് മത്സ്യബന്ധന വിലക്ക്

കാലവർഷം ശക്തിപ്രാപിക്കുന്നു; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരത്ത് മത്സ്യബന്ധന വിലക്ക്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക്-പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്തതും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

സംസ്ഥാനത്ത് പത്താം തീയതി വരെ വ്യാപകമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

നാളെയും മഴ ശക്തമാകുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും തുടരും.

സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ കാലവർഷം കേരളത്തിലെത്തിയത്. കാലവർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, മലയോര മേഖലകൾ, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ നിർദേശിച്ചു.

You may also like