Home Nationalജന്തർ മന്തറിൽ സിജെപി പ്രതിഷേധം; നവമാധ്യമ പിന്തുണയ്ക്ക് അനുപാതമായി ജനക്കൂട്ടമില്ല, സംഘർഷശ്രമം പൊലീസ് തടഞ്ഞു

ജന്തർ മന്തറിൽ സിജെപി പ്രതിഷേധം; നവമാധ്യമ പിന്തുണയ്ക്ക് അനുപാതമായി ജനക്കൂട്ടമില്ല, സംഘർഷശ്രമം പൊലീസ് തടഞ്ഞു

by news_desk1
0 comments

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുയർത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധം ഡൽഹിയിലെ ജന്തർ മന്തറിൽ നടന്നു. സാമൂഹിക മാധ്യമങ്ങളിൽ വൻ പിന്തുണ ലഭിച്ചിരുന്നെങ്കിലും അതിന് അനുപാതമായ ജനപങ്കാളിത്തം പ്രതിഷേധ വേദിയിൽ ഉണ്ടായില്ല.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ യുവാക്കളും വിദ്യാർത്ഥികളും പാറ്റയുടെ ചിഹ്നം പതിച്ച ടീഷർട്ടുകളും ദേശീയപതാകയും കൈയിൽ കരുതിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രതിഷേധ വേദിയിലെത്തി.

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, പരീക്ഷാ ക്രമക്കേടുകൾ, വിദ്യാർത്ഥികളുടെ ആശങ്കകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി. ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയുന്നതുവരെ സമരം തുടരുമെന്ന നിലപാടും പ്രതിഷേധക്കാർ ആവർത്തിച്ചു.

പ്രതിഷേധത്തിന് പിന്തുണയുമായി വിവിധ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തകരും രംഗത്തെത്തി. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ ദേശീയതലത്തിൽ ചർച്ചയാക്കേണ്ടതുണ്ടെന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ അഭിപ്രായം.

ഇതിനിടെ, ജന്തർ മന്തർ പരിസരത്ത് മറ്റൊരു സംഘം മുദ്രാവാക്യങ്ങളുമായി പ്രതിഷേധത്തെ എതിർക്കാൻ എത്തിയെങ്കിലും സ്ഥിതി വഷളാകാതിരിക്കാൻ ഡൽഹി പൊലീസ് ഇടപെട്ടു. ഇരുവിഭാഗങ്ങളെയും വേർതിരിച്ച പൊലീസ്, സംഘർഷസാധ്യത ഒഴിവാക്കാൻ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

സമാധാനപരമായി പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാൻ സംഘാടകരും പൊലീസും പ്രത്യേകം ശ്രദ്ധിച്ചതോടെ പരിപാടി വലിയ അനിഷ്ട സംഭവങ്ങളില്ലാതെ അവസാനിച്ചു. വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങൾ ചർച്ചയാക്കുന്നതിൽ പ്രതിഷേധം ശ്രദ്ധ നേടിയെങ്കിലും സാമൂഹിക മാധ്യമങ്ങളിലെ ജനപിന്തുണ മുഴുവൻ തെരുവിലിറങ്ങിയില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

You may also like