തിരുവനന്തപുരം: ഭക്ഷണം എത്തിക്കാൻ വൈകിയെന്നാരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. ഭക്ഷണം കൈമാറാനെത്തിയപ്പോഴായിരുന്നു സംഭവം.
അമ്പൂരി സ്വദേശിയായ ജിതിനാണ് മർദനമേറ്റത്. ഭക്ഷണം എത്തിക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് ജിതിൻ പറഞ്ഞു.
സംഭവത്തിൽ ജിതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഏഴ് സ്റ്റിച്ചുകൾ ഇടേണ്ടിവന്നു. ഭക്ഷണത്തിന്റെ പണം നൽകില്ലെന്നും വൈകിയ സമയത്തിന് കാത്തുനിൽക്കണമെന്നും ആവശ്യപ്പെട്ടതായും ജിതിൻ ആരോപിച്ചു.
ഇതിനെ തുടർന്ന് ഉണ്ടായ തർക്കത്തിനിടെയാണ് അയൺ ബോക്സ് ഉപയോഗിച്ച് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചതെന്ന് ജിതിൻ പറഞ്ഞു.
ജിതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഷഹീം എന്നയാൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, ജിതിനാണ് തന്നെ മർദിച്ചതെന്ന് ആരോപിച്ച് ഷഹീമും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
