ന്യൂഡൽഹി: കൊലക്കേസ് പ്രതിയുടെ അപ്പീൽ തീർപ്പാക്കാൻ 40 വർഷത്തിലധികം വൈകിപ്പിച്ച അലഹബാദ് ഹൈക്കോടതിയുടെ നടപടിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിയിലെ കേസ് നടത്തിപ്പ് രീതികൾ അത്യന്തം അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എ.എസ്. ചന്ദ്രൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കോടതികളിലെ അസാധാരണമായ ഈ കാലതാമസത്തെ രൂക്ഷമായി വിമർശിച്ചത്.
1983-ൽ സ്വന്തം സഹോദരനെ വെടിവെച്ചു കൊന്ന കേസിൽ പ്രതിയായ വിജയ് സിങ്ങിന്റെ അപ്പീൽ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ഈ പരാമർശങ്ങൾ. സംഭവവികാസങ്ങൾ ഇങ്ങനെയാണ്:
- 1983: തന്റെ 28-ാം വയസിൽ വിജയ് സിങ് സഹോദരനെ വധിച്ച കേസിൽ അറസ്റ്റിലാകുന്നു.
- 1985: കാൻപൂർ സെഷൻസ് കോടതി പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നു.
- 1985-2026: ശിക്ഷയ്ക്കെതിരെ പ്രതി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ തുടരുന്നു.
- 2026 ഫെബ്രുവരി: നീണ്ട 41 വർഷങ്ങൾക്ക് ശേഷം അലഹബാദ് ഹൈക്കോടതി ഈ അപ്പീൽ തള്ളി ശിക്ഷ ശരിവെക്കുന്നു.
41 വർഷത്തെ അപ്പീൽ കാലയളവിൽ പ്രതിക്ക് ആകെ മൂന്നുമാസം മാത്രമാണ് കസ്റ്റഡിയിൽ കഴിയേണ്ടി വന്നതെന്നും ബാക്കി മുഴുവൻ സമയവും ഇയാൾ ജാമ്യത്തിലായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിലവിൽ 72 വയസുള്ള വിജയ് സിങ്ങിന്, സുപ്രീം കോടതിയിലെ അപ്പീൽ നടപടികൾ പൂർത്തിയാകും വരെ ജാമ്യത്തിൽ തുടരാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ എന്ത് നൂതനമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ അലഹബാദ് ഹൈക്കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹർജിക്കാരാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. മൂന്ന് വർഷത്തിലേറെയായി തീർപ്പാക്കാതെ കിടക്കുന്ന പ്രോസിക്യൂഷൻ അപ്പീലുകൾ തള്ളിക്കളയണമെന്ന് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ കോടതിയിൽ അഭിപ്രായപ്പെട്ടെങ്കിലും, കാലതാമസം നേരിട്ടു എന്ന ഒറ്റ കാരണത്താൽ മാത്രം ഹർജി തള്ളുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാകുമെന്ന് കോടതി നിരീക്ഷിച്ചു. വിഷയം ഗൗരവത്തോടെ കാണാൻ മുതിർന്ന അഭിഭാഷകരായ സിദ്ധാർത്ഥ് ദവെ, സോഹെബ് ഹുസൈൻ എന്നിവരോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
