തെൽ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ വ്യോമാക്രമണം. ഒമാൻ തീരത്ത് കഴിഞ്ഞദിവസം യുഎസിന്റെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പ്രതികാരമായാണ് ആക്രമണമെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. യുഎസ് ആക്രമണത്തിന് പിന്നാലെ അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ചതായും കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ പ്രഖ്യാപിച്ചതോടെ മേഖലയിൽ സായുധ സംഘർഷം രൂക്ഷമായി.
ഹോർമൂസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ വ്യോമ പ്രതിരോധ-റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആദ്യ ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ പ്രധാന തുറമുഖ നഗരമായ സിറിക്, ബന്ദാർ അബ്ബാസ്, ഹോർമൂസിന്റെ അതിർത്തിയായ ഖ്വേഷം ഐലൻഡ് എന്നിവിടങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ബമാനി ജില്ലയിലും കുഹെസ്താകിലും കുടിവെള്ള വിതരണം നടത്തുന്ന രണ്ട് പ്രധാന ജലസംഭരണികൾ തകർന്നതായി ഹോർമുസ്ഗാൻ വാട്ടർ കമ്പനി അറിയിച്ചു. ഇതോടെ ഈ മേഖലയിലേക്കുള്ള ജലവിതരണം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. വളരെ ശക്തമായ ആക്രമണമാണ് തങ്ങൾ നടത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. “അമേരിക്കയുടെ ഭാഗത്തുനിന്ന് വ്യക്തമായ പ്രതികരണമുണ്ടാകേണ്ടത് അനിവാര്യമായിരുന്നു. അവർ നമ്മുടെ ഹെലികോപ്റ്റർ തകർത്തു, നമ്മൾ പ്രതിരോധിച്ചു. അവർ ചെയ്ത തെറ്റിനുള്ള മറുപടിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്,” ട്രംപ് വ്യക്തമാക്കി.
അതേസമയം, അമേരിക്കയുടെ ആക്രമണം തങ്ങളുടെ ദൃഢനിശ്ചയത്തെ പരീക്ഷിക്കുന്നതാണെന്നും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി. യുഎസിന്റെ ഒരു ആക്രമണവും മറുപടിയില്ലാതെ പോകില്ലെന്നും അമേരിക്കയ്ക്ക് സുരക്ഷിതമായി തുടരണമെങ്കിൽ പശ്ചിമേഷ്യൻ മേഖല വിട്ടുപോകണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് യുഎസ് സൈന്യത്തിന്റെ അത്യന്തം മാരകമായ ഹെൽഫയർ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ‘AH-64 അപ്പാച്ചെ’ ഹെലികോപ്റ്റർ ഹോർമൂസ് കടലിടുക്കിന് സമീപം ഇറാൻ തകർത്തത്. കോപ്റ്ററിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെ യുഎസ് രക്ഷപ്പെടുത്തിയിരുന്നു. പേർഷ്യൻ ഗൾഫിലെ ഇറാന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും ചെറുബോട്ടുകളിൽ നിന്നുള്ള ആക്രമണങ്ങളും ശത്രു ഡ്രോണുകളും പ്രതിരോധിക്കാനുമായിരുന്നു ഈ ഹെലികോപ്റ്റർ നിയോഗിക്കപ്പെട്ടിരുന്നത്. ഈ സംഭവമാണ് ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുന്നത്.
