Home Top Storiesവെള്ളാപ്പള്ളിക്കെതിരെ നിർണായക മൊഴികൾ; മൈക്രോഫിനാൻസ് ഫണ്ട് വകമാറ്റിയെന്ന വെളിപ്പെടുത്തൽ

വെള്ളാപ്പള്ളിക്കെതിരെ നിർണായക മൊഴികൾ; മൈക്രോഫിനാൻസ് ഫണ്ട് വകമാറ്റിയെന്ന വെളിപ്പെടുത്തൽ

by news_desk1
0 comments

ആലപ്പുഴ: മൈക്രോഫിനാൻസ് കേസുകളിലെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിർണായക മൊഴികൾ ശേഖരിച്ച് വിജിലൻസ് സംഘം. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച ചില സുപ്രധാന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. പാവപ്പെട്ടവർക്ക് മൂന്ന് ശതമാനം പലിശയ്ക്ക് നൽകേണ്ടിയിരുന്ന മൈക്രോഫിനാൻസ് ഫണ്ട് വെള്ളാപ്പള്ളി നടേശന്റെ നിർദേശപ്രകാരം വകമാറ്റി ചെലവഴിച്ചെന്നാണ് പ്രധാന ആരോപണം.

ഇക്കാര്യത്തിൽ പൊലീസിന് നിർണായക മൊഴി നൽകിയ വ്യക്തിയാണ് തിരൂർ എസ്എൻഡിപി യൂണിയന്റെ മുൻ ഭാരവാഹി വിജയകുമാർ. അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷണത്തിന് കൂടുതൽ ഗൗരവം നൽകുന്നതാണ്.

വെള്ളാപ്പള്ളി നടേശന്റെ നിർദേശപ്രകാരം മൈക്രോഫിനാൻസ് ഫണ്ടുകൾ സ്വന്തം പേരിൽ വാങ്ങുന്നത് ഭാവിയിൽ നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് എസ്എൻഡിപി ഭാരവാഹിത്വം രാജിവെച്ചതെന്ന് വിജയകുമാർ പറഞ്ഞു. വെള്ളാപ്പള്ളിയുടെ സമ്മർദം മൂലം ജീവനൊടുക്കിയ കെ.കെ. മഹേശന്റെ അനുഭവം തനിക്കും സംഭവിക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്രോഫിനാൻസ് വായ്പകൾ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ആളുകൾക്ക് നൽകുന്നതിനായി വ്യാജരേഖകൾ തയ്യാറാക്കിയതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നുവെന്നും വിജയകുമാർ ആരോപിച്ചു. തന്റെ ഒപ്പില്ലാതെ തയ്യാറാക്കിയ രേഖകൾ വായ്പ അനുവദിച്ച പല ഫയലുകളിലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ കാത്തിരിക്കുന്നത് മുൻപില്ലാത്ത പ്രതിസന്ധിയാണെന്നാണ് വിലയിരുത്തൽ. നൂറിലേറെ മൈക്രോഫിനാൻസ് കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിൽ നാലോളം കേസുകളിൽ പത്ത് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഈ കേസുകളിലെല്ലാം വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായാണ് വിജയകുമാർ ഉൾപ്പെടെ പത്തോളം പ്രധാന സാക്ഷികളുടെ മൊഴികൾ അവസാനഘട്ടത്തിൽ രേഖപ്പെടുത്തിയത്.

2020 ജൂൺ 24-നാണ് എസ്എൻഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ മൈക്രോഫിനാൻസ് പദ്ധതികളുടെ സംസ്ഥാന കോർഡിനേറ്ററായിരുന്ന കെ.കെ. മഹേശൻ ജീവനൊടുക്കിയത്. സംസ്ഥാന പിന്നാക്ക ക്ഷേമ കോർപ്പറേഷൻ കുറഞ്ഞ പലിശയ്ക്ക് നൽകിയ വായ്പകൾ എസ്എൻഡിപി യൂണിയനുകൾ ഉയർന്ന പലിശയ്ക്ക് അംഗങ്ങൾക്ക് വിതരണം ചെയ്തതും, വായ്പ നൽകാതെയെ സ്ത്രീകളുടെ പേരിൽ വ്യാജരേഖകൾ സൃഷ്ടിച്ച് വൻതുക തട്ടിയെടുത്തതുമാണ് മൈക്രോഫിനാൻസ് കേസുകളുടെ അടിസ്ഥാനം.

മൈക്രോഫിനാൻസ് പദ്ധതികളുടെ സംസ്ഥാന കോർഡിനേറ്ററായിരുന്ന കെ.കെ. മഹേശൻ കേസിൽ പ്രതിയായി ഉൾപ്പെട്ടിരുന്നു. എന്നാൽ, പ്രതിപ്പട്ടികയിൽ മുൻനിരയിലുള്ളവർ ഒത്തുകളിച്ച് തന്നെ മാത്രം കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന ആശങ്കയാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

സംഭവം നടന്ന് ആറുവർഷം പിന്നിടുമ്പോഴും അന്വേഷണം കാര്യമായ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. മുൻ സർക്കാരിന്റെ കാലത്തും അന്വേഷണം ആവശ്യപ്പെട്ട് വി.എം. സുധീരൻ കത്ത് നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നൽകിയ കത്തിനോടെയാണ് കേസിലെ അന്വേഷണത്തിന് വീണ്ടും വേഗത ലഭിച്ചിരിക്കുന്നത്.

You may also like