കൊല്ലം: കൊല്ലം ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം നിലവിൽ 38 ആണ്.
മലിനജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതാണ് ഷിഗെല്ല രോഗത്തിന് പ്രധാന കാരണം. കഠിനമായ പനി മൂലം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. വയറിളക്കം, വയറുവേദന, ഛർദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
രോഗബാധ തടയാൻ തിളപ്പിച്ച വെള്ളം മാത്രം കുടിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയായി സൂക്ഷിക്കേണ്ടതും ഭക്ഷണം എപ്പോഴും മൂടിവെക്കേണ്ടതുമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- പഴകിയ ഭക്ഷണം കഴിക്കരുത്.
- ഭക്ഷണം മൂടിവെക്കണം.
- പലതവണ ചൂടാക്കി ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കണം.
- വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കരുത്.
- രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം.
- രോഗലക്ഷണങ്ങളുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കുടിക്കണം.
- കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യണം.
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കണം.

