മധുബാലയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂൺ 19-ന് ആഗോള റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്.
അടുത്തിടെ സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലെ ഫോറം മാളിലെ പി.വി.ആർ സിനിമാസിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും മലയാള സിനിമയിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്.
പ്രണയം, വൈകാരിക മുഹൂർത്തങ്ങൾ, സംഗീതം എന്നിവ മനോഹരമായി ചേർത്ത് ഒരുക്കിയ ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മധുബാലയുടെയും ഇന്ദ്രൻസിന്റെയും പ്രകടനങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്നും ട്രെയ്‌ലർ വ്യക്തമാക്കുന്നു. പൂർണ്ണമായും വാരണാസിയിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ “കഥക്” എന്ന ഗാനവും “കര കവിയാതെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും ഇതിനകം മികച്ച പ്രേക്ഷക പ്രതികരണം നേടിയിട്ടുണ്ട്. ഗോവിന്ദ് വസന്തയുടെ സംഗീതവും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
ഇന്ദ്രൻസ്, മധുബാല എന്നിവർക്കൊപ്പം അപർണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം ഫയിസ് സിദ്ധിക്ക്, സംഗീതം ഗോവിന്ദ് വസന്ത, എഡിറ്റിംഗ് റെക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്ഷൻ സാബു മോഹൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് പി.സി. വിഷ്ണു, കൊറിയോഗ്രഫി ബ്രിന്ദ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ ബിജു പി കോശി, ഡി.ഐ ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി.എഫ്.എക്സ് പിക്റ്റോറിയൽ എഫ്.എക്സ്, കളറിസ്റ്റ് ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ ജെറി, പബ്ലിസിറ്റി ഡിസൈൻസ് ഇല്ലുമിനാർട്ടിസ്റ്റ്, ട്രെയ്‌ലർ കട്ട്സ് മഹേഷ് ഭുവനേന്ദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഗാനരചന നിർവഹിച്ചിരിക്കുന്നത് അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ, ഗജ്നൻ മിത്കേ എന്നിവർ ചേർന്നാണ്. ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സ്റ്റിൽസ് നവീൻ മുരളിയും പി.ആർ.ഒ ശബരിയും ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരനും നിർവഹിക്കുന്നു.

