Home Keralaഓപ്പറേഷൻ ഭക്ഷ്യസുരക്ഷ: റേഷൻ കടകളിലും ഗോഡൗണുകളിലും വിജിലൻസ് മിന്നൽ പരിശോധന; കരിഞ്ചന്ത വിൽപ്പനയിൽ അന്വേഷണം ശക്തം

ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ: റേഷൻ കടകളിലും ഗോഡൗണുകളിലും വിജിലൻസ് മിന്നൽ പരിശോധന; കരിഞ്ചന്ത വിൽപ്പനയിൽ അന്വേഷണം ശക്തം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വ്യാപക മിന്നൽ പരിശോധന ആരംഭിച്ചു. ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായാണ് ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’ എന്ന പേരിൽ സംസ്ഥാനതല പരിശോധന നടക്കുന്നത്.

ഇന്ന് രാവിലെ 10.30 മുതൽ ആരംഭിച്ച പരിശോധനയിൽ സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുത്ത 14 എൻഎഫ്എസ്എ ഗോഡൗണുകളിലും 54 റേഷൻ കടകളിലും വിജിലൻസ് സംഘങ്ങൾ ഒരേസമയം പരിശോധന നടത്തുന്നു.

വിവിധ സർക്കാർ വകുപ്പുകളിലെ സേവന വിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും തടയുന്നതിനുള്ള പ്രോ-ആക്ടീവ് വിജിലൻസ് നടപടികളുടെ ഭാഗമായാണ് പരിശോധന. പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങൾക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങളുടെ അളവിൽ കൃത്രിമം നടത്തി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

റേഷൻ കട ലൈസൻസികൾ, ഗോഡൗൺ ജീവനക്കാർ, കരാറുകാർ, ചില ഉദ്യോഗസ്ഥർ എന്നിവരുടെ ഒത്താശയോടെയാണ് ക്രമക്കേടുകൾ നടക്കുന്നതെന്നാണ് വിവരം. ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട റേഷൻ വിഹിതം വ്യാജ ബില്ലിംഗ് വഴിയും ഒടിപി ദുരുപയോഗം ചെയ്തും തട്ടിയെടുക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

എൻഎഫ്എസ്എ ഗോഡൗണുകളിലെ രേഖകളിലുള്ള സ്റ്റോക്കും യഥാർത്ഥ സ്റ്റോക്കും തമ്മിൽ വ്യത്യാസമുണ്ടെന്നും, ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ നിന്ന് നേരിട്ട് കടത്തി കരിഞ്ചന്തയിൽ വിൽക്കുന്നതായും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്.

അഴിമതിയോ ക്രമക്കേടുകളോ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസിനെ അറിയിക്കാം.

ടോൾ ഫ്രീ നമ്പർ: 1064
ഫോൺ നമ്പർ: 8592900900

You may also like