Home National‘വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ പേടിയാണ്’; തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

‘വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ പേടിയാണ്’; തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

by news_desk1
0 comments

കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക് ടൗൺ സ്വദേശിയായ അനുകീർത്തന (19) ആണ് മരിച്ചത്. വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ഭയമുണ്ടെന്ന് ബന്ധുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് സംഭവം.

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. അനുകീർത്തനയുടെ വാട്സ്ആപ്പ് സന്ദേശം കണ്ട ആശങ്കപ്പെട്ട ബന്ധുക്കൾ വീട്ടിലെത്തി വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് വിഷം കഴിച്ച് അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം മരണം സംഭവിച്ചു.

ഡോക്ടറാകണമെന്ന ആഗ്രഹത്തോടെ ഒരു വർഷമായി നീറ്റ് പരിശീലനം നടത്തുകയായിരുന്നു അനുകീർത്തന. ഇത്തവണ പരീക്ഷയെഴുതി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കുകയും പുനപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തത് പെൺകുട്ടിയെ മാനസികമായി തളർത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.

ബുധനാഴ്ച രാവിലെ അനുകീർത്തന അയച്ച സന്ദേശത്തിൽ, നീറ്റ് പരീക്ഷയിൽ പങ്കെടുത്തെന്നും മെഡിക്കൽ പ്രവേശനത്തിനായി കാത്തിരിക്കുമ്പോഴാണ് പരീക്ഷ റദ്ദായതെന്നും പറയുന്നു. “ഇപ്പോൾ വീണ്ടും പരീക്ഷ എഴുതാൻ എനിക്ക് പേടിയാണ്. എന്റെ അച്ഛൻ എനിക്കായി ഒരുപാട് പണം ചിലവഴിച്ചിട്ടുണ്ട്. ഇനി എങ്ങനെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കുമെന്ന് എനിക്കറിയില്ല” എന്നും സന്ദേശത്തിലുണ്ട്.

സെന്തിൽ പ്രഭു ആണ് അനുകീർത്തനയുടെ പിതാവ്. ടാസ്മാക് ട്രേഡ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറിയാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ മൂത്ത മകളായിരുന്നു അനുകീർത്തന. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ഇഎസ്ഐ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കുനിയമുത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉദ്യോഗാർത്ഥിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവും നടത്തി.

നീറ്റ് പുനപരീക്ഷയ്ക്ക് ഇനി മൂന്ന് ദിവസം

രാജ്യത്ത് നീറ്റ് പുനപരീക്ഷ ജൂൺ 21ന് നടക്കും. ചോദ്യപേപ്പർ വിതരണത്തിനായി ഇന്ത്യൻ വ്യോമസേന 200ലധികം സോർട്ടികൾ നടത്തിയിട്ടുണ്ട്. ജൂൺ 13 മുതൽ ആരംഭിച്ച ദൗത്യത്തിലൂടെ രാജ്യത്തെ 18 പ്രധാന വിതരണ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ എത്തിച്ചു. ഇതുവരെ 12 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

You may also like