Home Keralaപിഎം ശ്രീ വിഷയത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തം; യുഡിഎഫ് തീരുമാനത്തിനെതിരെ വിമർശനവുമായി എസ്‌വൈഎസ്

പിഎം ശ്രീ വിഷയത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തം; യുഡിഎഫ് തീരുമാനത്തിനെതിരെ വിമർശനവുമായി എസ്‌വൈഎസ്

by news_desk1
0 comments

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം സമസ്തയുടെ പോഷക സംഘടനയായ എസ്‌വൈഎസ് രംഗത്ത്. മുൻ സർക്കാർ ഉപേക്ഷിച്ച പദ്ധതി വീണ്ടും നടപ്പാക്കുന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്ക് നിരക്കാത്തതാണെന്ന് എസ്‌വൈഎസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ആരോപിച്ചു.

നേരത്തെ പിണറായി വിജയൻ സർക്കാർ മുന്നണിയിൽ പോലും ചർച്ച ചെയ്യാതെയാണ് പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പദ്ധതിക്കെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ കേന്ദ്രത്തിന് കത്തയച്ച് കേരളം പദ്ധതിയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു പദ്ധതിയുമായാണ് പുതിയ സർക്കാർ വീണ്ടും മുന്നോട്ടുപോകുന്നതെന്നും വിമർശനം ഉയർത്തി.

മുൻ സർക്കാർ പിന്മാറിയ ഒരു കേന്ദ്ര പദ്ധതിയുമായി ജനവികാരം മാനിക്കാതെ യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് യോജിച്ചതല്ലെന്ന് റഹ്മത്തുള്ള സഖാഫി എളമരം വ്യക്തമാക്കി. ഈ ജനവിരുദ്ധ നിലപാട് തിരുത്താൻ യുഡിഎഫ് മുന്നണിയിൽ ആരുമില്ലേയെന്ന് മതേതര കേരളം ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണെന്ന ആക്ഷേപം പിഎം ശ്രീ പദ്ധതിക്കെതിരെ നിലനിൽക്കുന്നതിനിടെയാണ് കാന്തപുരം വിഭാഗം സമസ്തയുടെ ഭാഗമായ എസ്‌വൈഎസ് സർക്കാരിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.

You may also like