ലോകത്ത് വീണ്ടും എബോള വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ രോഗം എങ്ങനെ പടരുന്നു, എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം നിർണായകമാകുന്നു. വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു കൂട്ടം വൈറസുകൾ മൂലമുണ്ടാകുന്ന അതിഗുരുതരമായ ഹെമറാജിക് പനിയാണ് എബോള.
രോഗബാധിതരായ മൃഗങ്ങളുമായോ അവയുടെ ശരീരസ്രവങ്ങളുമായോ സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. രോഗബാധിതരിൽ നിന്ന് മറ്റൊരാളിലേക്കും എബോള പകരാൻ സാധ്യതയുണ്ട്. എന്നാൽ ഇൻഫ്ലുവൻസയോ കോവിഡ്-19 പോലെയോ വായുവിലൂടെ എബോള പടരുന്നില്ല.
കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ എബോള വ്യാപനം പുതിയ പകർച്ചവ്യാധികളെക്കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള ലോകത്തിന്റെ ശേഷിയെക്കുറിച്ചുമുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം സാധാരണയായി മധ്യ, പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ആധുനിക യാത്രാസൗകര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.
എബോളയുടെ പ്രധാന ലക്ഷണങ്ങൾ
പെട്ടെന്ന് ആരംഭിക്കുന്ന കടുത്ത പനി, അതിശക്തമായ ക്ഷീണം, ശരീര അസ്വസ്ഥതയും ബലഹീനതയും, പേശിവേദന, തലവേദന, തൊണ്ടവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.
രോഗം ഗുരുതരമാകുന്നതോടെ ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമ്മത്തിൽ തിണർപ്പുകൾ, വൃക്കയുടെയും കരളിന്റെയും പ്രവർത്തന തകരാറുകൾ എന്നിവ ഉണ്ടാകാം. ഗുരുതര സാഹചര്യങ്ങളിൽ ആന്തരികമായും ബാഹ്യമായും രക്തസ്രാവം സംഭവിക്കാം. ഛർദ്ദിയിലോ മലത്തിലോ രക്തം കാണുക, മൂക്ക്, വായിലെ മോണകൾ, യോനി എന്നിവിടങ്ങളിൽ നിന്ന് രക്തസ്രാവം ഉണ്ടാകുക എന്നിവയും രോഗലക്ഷണങ്ങളാണ്.
രോഗമുക്തിക്ക് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ
എബോള രോഗബാധയിൽ നിന്ന് മുക്തി നേടിയ ചിലരിൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങളും തുടരാം. വിട്ടുമാറാത്ത ക്ഷീണം, തലവേദന, പേശികളിലും സന്ധികളിലുമുള്ള വേദന, കാഴ്ച മങ്ങൽ, കണ്ണ് വേദന, വെളിച്ചം നോക്കാൻ ബുദ്ധിമുട്ട്, വയറുവേദന, വിശപ്പില്ലായ്മ എന്നിവ ഇത്തരം പ്രശ്നങ്ങളിൽപ്പെടുന്നു.

