Home Kerala17കാരന് ക്രൂര മർദനം; എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേസ്, മൂന്ന് പേർ പ്രതികൾ

17കാരന് ക്രൂര മർദനം; എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേസ്, മൂന്ന് പേർ പ്രതികൾ

by news_desk1
0 comments

ഇടുക്കി: പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ 17കാരനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മോഷണക്കുറ്റം ആരോപിച്ച് വിദ്യാർത്ഥിയെ മർദിച്ചതായാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാനേജർ ഉൾപ്പെടെ റെജി, ബെന്നി, സിജോ എന്നിവരെ പ്രതിചേർത്തിട്ടുണ്ട്. കട്ടപ്പന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തുടർ അന്വേഷണത്തിനായി പത്തനംതിട്ട പൊലീസിന് കൈമാറും.

പഠനവും ജോലിയും വാഗ്ദാനം ചെയ്ത് സ്ഥാപനത്തിലേക്ക് കൊണ്ടുപോയ ഇടുക്കി അണക്കര സ്വദേശിയായ 17കാരനാണ് മർദനത്തിനിരയായത്. കുട്ടിയുടെ കൈ, കാൽ, ശരീരം എന്നിവിടങ്ങളിൽ ഗുരുതര പരിക്കുകളും മുറിവുകളും ഉണ്ടെന്നാണ് വിവരം.

സ്ഥാപനത്തിലെ ഒരു യുവതി കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും എത്രയും വേഗം എത്തി മോചിപ്പിക്കണമെന്നും വീട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം യൂട്യൂബ് വീഡിയോ കണ്ടാണ് സ്ഥാപനത്തെക്കുറിച്ച് അറിയുന്നത്. വിദ്യാഭ്യാസം ഏറ്റെടുക്കാമെന്നും വീഡിയോ എഡിറ്റിംഗ് പഠിപ്പിച്ച് ജോലി നൽകാമെന്നും വാഗ്ദാനം ചെയ്താണ് കുട്ടിയെ സ്ഥാപനത്തിൽ താമസിപ്പിച്ചത്.

എന്നാൽ പഠനത്തിന് പകരം മണ്ണെടുപ്പ്, കല്ല് ചുമക്കൽ, പ്രായമായവരെ കുളിപ്പിക്കൽ തുടങ്ങിയ ജോലികൾ ചെയ്യിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മൂന്ന് മാസമായി സെന്ററിൽ താമസിച്ചിരുന്ന കുട്ടി പഠനം നടക്കാത്തതിനെ ചോദ്യം ചെയ്തതോടെയാണ് മോഷണക്കുറ്റം ആരോപിച്ച് ചൂരൽ ഉപയോഗിച്ച് മർദിച്ചതെന്നും പരാതിയിൽ പറയുന്നു.

സംഭവം പുറത്തുവന്നതിന് പിന്നാലെ കട്ടപ്പന പൊലീസ് കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് പത്തനംതിട്ടയിലേക്ക് കൈമാറാൻ തീരുമാനിച്ചു. സ്ഥാപന ഉടമയെ നിലവിൽ കേസിൽ പ്രതിചേർത്തിട്ടില്ല. പത്തനംതിട്ട പൊലീസ് സെന്ററിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നാണ് വിവരം.

സെന്ററിന് കീഴിലുള്ള സ്നേഹമന്ദിരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ ദുരിതകരമായ സാഹചര്യത്തിലാണ് കഴിയുന്നതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. വിവാദം ശക്തമായിട്ടും സ്ഥാപന ഉടമ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും ഇടപെട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്ഥാപനത്തിൽ പരിശോധന നടത്തി. പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായും വിശദ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

You may also like