Home Kerala‘സിനിമാ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്ന തീരുമാനം’; ബജറ്റിനെ സ്വാഗതം ചെയ്ത് മോഹൻലാൽ

‘സിനിമാ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്ന തീരുമാനം’; ബജറ്റിനെ സ്വാഗതം ചെയ്ത് മോഹൻലാൽ

by news_desk1
0 comments

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ സിനിമയ്ക്ക് വ്യവസായ പദവി നൽകുന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നടൻ മോഹൻലാൽ. സർക്കാരിന്റെ തീരുമാനത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പുതിയ ബജറ്റിൽ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിന്റെ തീരുമാനം സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു. ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി സതീശനും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.

ബജറ്റിലെ വിനോദസഞ്ചാരം, കല, സംസ്കാര മേഖലകളിലെ പ്രധാന പ്രഖ്യാപനങ്ങൾ:

ടൂറിസത്തിന് വ്യവസായ പദവി: ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കും. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരും.

തീർത്ഥാടന ടൂറിസം സർക്യൂട്ട്: അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചുള്ള പദ്ധതി നടപ്പാക്കും.

അന്തർദേശീയ മാരിടൈം മ്യൂസിയം: സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യ പൈതൃകം എന്നിവ ഉൾപ്പെടുത്തി മ്യൂസിയം സ്ഥാപിക്കും.

ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി: കൊച്ചിയിൽ ‘ചിത്രനഗരം’ സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകും.

സ്മാരകങ്ങളും സാംസ്കാരിക പദ്ധതികളും:

കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും.

തൃശ്ശൂരിൽ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമി ആരംഭിക്കും.

കോഴിക്കോട് ഗായകൻ ഉമ്പായിയുടെ നാമധേയത്തിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കും.

ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കൾച്ചറൽ സെന്ററും മ്യൂസിയവും ആരംഭിക്കും.

ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്കാരിക കേന്ദ്രവും സ്ഥാപിക്കും.

എറണാകുളത്ത് നടൻ സലിംകുമാറിന് സ്മാരകം നിർമിക്കും.

തിരുവനന്തപുരം പട്ടത്ത് മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് സ്മാരക മന്ദിരവും ചാലക്കുടിയിൽ പനമ്പള്ളി ഗോവിന്ദ മേനോന്റെ സ്മാരകവും സ്ഥാപിക്കും.

മറ്റ് പദ്ധതികൾ:

കേരളത്തിന്റെ തനതായ പാചക പാരമ്പര്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. അതിരപ്പള്ളിയിൽ ഇക്കോ ഫ്രണ്ട്ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി നടപ്പാക്കും. മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമിക്കും. ‘ബ്രാൻഡ് കേരളം’ പദ്ധതിയിലൂടെ സുഗന്ധവ്യഞ്ജനങ്ങൾ, കയർ, ഹാൻഡ്‌ലൂം ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രചാരം നൽകും.

You may also like