Home Nationalനീറ്റ് പരീക്ഷാ സമ്മർദ്ദം വീണ്ടും ജീവൻ കവർന്നു; ഡൽഹിയിൽ വിദ്യാർത്ഥി ആത്മഹത്യ, 37 ദിവസത്തിനിടെ മരണം 12 ആയി

നീറ്റ് പരീക്ഷാ സമ്മർദ്ദം വീണ്ടും ജീവൻ കവർന്നു; ഡൽഹിയിൽ വിദ്യാർത്ഥി ആത്മഹത്യ, 37 ദിവസത്തിനിടെ മരണം 12 ആയി

by news_desk1
0 comments

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങൾക്കിടെ ഡൽഹിയിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ഗാസിയാബാദിന് സമീപമാണ് 22 കാരനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നീറ്റ് പരീക്ഷയിൽ തുടർച്ചയായി നേരിട്ട പരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിദ്യാർത്ഥി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയ പൊലീസ് ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണ്.

ഈ വർഷത്തെ നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ 37 ദിവസത്തിനിടെ 12 വിദ്യാർത്ഥികളാണ് ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് പുതിയ സംഭവം.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തെ തുടർന്ന് ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. പരീക്ഷ വിജയിക്കാൻ കഴിയില്ലെന്ന ഭയത്തിലായിരുന്ന 23 കാരിയെ പട്ടേൽ നഗറിന് കീഴിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി പുനഃപരീക്ഷ നാളെ നടക്കും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

രാജ്യത്തുടനീളം 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി ഏകദേശം 22.79 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. മെയ് മാസത്തിൽ നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഈ പരീക്ഷയ്ക്ക് ഉപയോഗിക്കരുതെന്നും, എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണമെന്നും വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

You may also like