കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം ലഭിച്ചു. വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയതെന്ന് ഹൈക്കോടതിയെ അറിയിച്ചു.
2014-ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, എം.എൻ. സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരാണ് കേസിലെ പ്രതികൾ.
അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെട്ടതിനാൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി കൂടി ആവശ്യമാണ്. വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായിട്ടുണ്ട്. കൂടാതെ 70 കേസുകളിലാണ് അന്വേഷണം ഇപ്പോഴും തുടരുന്നത്.
2016-ലാണ് വി.എസ്. അച്യുതാനന്ദന്റെ പരാതിയെ തുടർന്ന് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ തയ്യാറാക്കി പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടിക്കണക്കിന് രൂപ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം ഉയർന്നത്. സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും വഴി 15 കോടി രൂപ തട്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മൂന്ന് ആഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ എസ്.പി എസ്. ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്നും, പുതിയ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കുമെന്നും സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകി.
നിരവധി തവണ നിർദേശം നൽകിയിട്ടും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്തതിലാണ് കോടതിയുടെ വിമർശനം.

