Home Top Storiesആരോഗ്യ വകുപ്പിൽ കസേരപ്പോര് തുടരുന്നു; ഇന്നും DHS ആസ്ഥാനത്തെത്തി ഡോ. കെ ജെ റീന, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമെന്ന് പ്രതികരണം

ആരോഗ്യ വകുപ്പിൽ കസേരപ്പോര് തുടരുന്നു; ഇന്നും DHS ആസ്ഥാനത്തെത്തി ഡോ. കെ ജെ റീന, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമെന്ന് പ്രതികരണം

by news_desk1
0 comments

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ കസേരപ്പോര് തുടരുന്നതിനിടെ ഡോ. കെ ജെ റീന ഇന്നും ഡിഎച്ച്എസ് ആസ്ഥാനത്തെത്തി. ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഓഫീസിൽ എത്തുമെന്നും റീന മാധ്യമങ്ങളോട് പ്രതികരിച്ചു.

‘വരേണ്ടതില്ലെന്ന് ഹൈക്കോടതി എന്നോട് പറഞ്ഞാൽ അത് സന്തോഷത്തോടെ സ്വീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് ഞാനാണ് ഡിഎച്ച്എസ് എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഓഫീസിൽ എത്തുന്നത്. ആരുമില്ലാത്തവർക്കൊപ്പം നീതിന്യായ വ്യവസ്ഥ ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇപ്പോൾ അതനുസരിച്ച് മുന്നോട്ടുപോകുകയാണ്. എനിക്ക് കുറേ പെൻഡിങ് ജോലികളുണ്ട്. അവ പൂർത്തിയാക്കണം,’ റീന പറഞ്ഞു.

അതേസമയം, ഡോ. വി മീനാക്ഷി കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസവും ഇല്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. ഡോ. വി മീനാക്ഷി തന്നെയാണ് നിലവിലെ ഡിഎച്ച്എസ് എന്നും ആരോഗ്യ വകുപ്പ് നിലപാട് ആവർത്തിച്ചു.

നേരത്തെ ഡോ. കെ ജെ റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്ന് അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നൽകുകയായിരുന്നു.

കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റം. നിപ സാഹചര്യം നിലനിൽക്കുമ്പോൾ കെ ജെ റീന 15 ദിവസം അവധിയെടുത്തുവെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടി.

എന്നാൽ റീന 15 ദിവസം അവധിയെടുത്തിട്ടില്ലെന്നും രണ്ടര ദിവസം മാത്രമാണ് അവധി എടുത്തതെന്നും വ്യക്തമാക്കുന്ന രേഖകൾ പിന്നീട് പുറത്തുവന്നു. തുടർന്ന് സർക്കാർ ഉത്തരവിലെ പിഴവ് തിരുത്തി, 15 ദിവസം അവധിയെടുത്തുവെന്ന പരാമർശം ഒഴിവാക്കി പുതിയ ഉത്തരവ് പുറത്തിറക്കി.

തന്നോട് യാതൊരു കൂടിയാലോചനയും നടത്താതെയാണ് സ്ഥലംമാറ്റ നടപടിയെന്നായിരുന്നു റീനയുടെ പ്രതികരണം. കെ ജെ റീനയുടെ പരാതി പരിഗണിച്ച അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി സ്റ്റേ ചെയ്തിരുന്നു. ആരോഗ്യ വകുപ്പിന്റെ നടപടി നീതിലംഘനമാണെന്നും പരാതിയിൽ റീന ചൂണ്ടിക്കാട്ടിയിരുന്നു.

You may also like