കോഴിക്കോട്: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ മതനേതാക്കളുടെ പിന്തുണ തേടുമെന്നും ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരെയും എംപിമാരെയും അണിനിരത്തി സ്കൂളുകൾ കേന്ദ്രീകരിച്ച് തൂഫാൻ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. തൂഫാൻ സ്ട്രൈക്ക്, തൂഫാൻ വാരിയർ, തൂഫാൻ കെയർ എന്നീ പദ്ധതികളും ഇതിന്റെ ഭാഗമായി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തൂഫാൻ വലിയ വിജയമാണെന്നും ജനങ്ങൾ തന്നെ പൊലീസിന് ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് നൈജീരിയൻ പൗരന്മാരെ ഉൾപ്പെടെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും അതിഥി തൊഴിലാളികൾക്കായി മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തൂഫാൻ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി ചെന്നിത്തല
എല്ലാ വിഭാഗങ്ങളുടെയും പിന്തുണ തൂഫാൻ പദ്ധതിക്ക് ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് മർക്കസിലെത്തി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയതെന്നും മന്ത്രി പറഞ്ഞു. ചെന്നിത്തല തൂഫാൻ വാരിയർ ബാഡ്ജ് കാന്തപുരത്തെ അണിയിച്ചു. പള്ളികളിൽ ലഹരിവിരുദ്ധ ആഹ്വാനം നടത്തണമെന്ന അഭ്യർത്ഥനയ്ക്ക് കാന്തപുരം പൂർണ പിന്തുണ പ്രഖ്യാപിക്കുകയും സർക്കാരിന്റെ നടപടിയെ അഭിനന്ദിക്കുകയും ചെയ്തു. ഇത് മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആൾക്കൂട്ട വിചാരണയിൽ പരിശോധനയ്ക്ക് നിർദേശം
കുറ്റ്യാടിയിലെ ആൾക്കൂട്ട വിചാരണ സംഭവത്തിലും ആഭ്യന്തരമന്ത്രി പ്രതികരിച്ചു. തൂഫാൻ ആൾക്കൂട്ട വിചാരണയ്ക്കുള്ളതല്ലെന്നും സംഭവത്തിൽ പൊലീസ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൂഫാന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായി പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

