തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കാനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് തുടരും.
ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
അതിതീവ്ര മഴ അപകടസാധ്യതകൾ വർധിപ്പിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത മഴ ലഭിക്കാനിടയുള്ളതിനാൽ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം എന്നിവയ്ക്ക് സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
