കോഴിക്കോട് പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരിക്ക് പരിക്കേറ്റത്.
കോഴിക്കോട്: പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റു. പഞ്ചായത്ത് ജീവനക്കാരിയായ ശ്വേതയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ഇന്ന് രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. വലിയ ശബ്ദത്തോടെ സ്ലാബിന്റെ ഒരു ഭാഗം ശ്വേതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ ശ്വേതയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
58 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നേരത്തേ തന്നെ ആശങ്കകള്‍ നിലനിന്നിരുന്നുവെന്നാണ് വിവരം.

