കോഴിക്കോട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊയിൽക്കാവ് പാറക്കൽതാഴം സ്വദേശി കുട്ടികൃഷ്ണൻ (61) ആണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ടാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊയിലാണ്ടി ബിവറേജിൽ മദ്യം വാങ്ങാനായി നിൽക്കുന്നതിനിടെയാണ് അറസ്റ്റ്.
ഇന്നലെയാണ് കുട്ടികൃഷ്ണന്റെ ഭാര്യ സുധ (56)യെ ഇവർ താമസിച്ചിരുന്ന താൽക്കാലിക ഷെഡിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടികൃഷ്ണൻ ഒളിവിൽ പോകുകയായിരുന്നു.
പുതിയ വീടിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ സമീപത്തെ താൽക്കാലിക ഷെഡിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. രാവിലെ എട്ടുമണിയോടെ സമീപത്ത് തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പ്രദേശവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
ദമ്പതികൾ തമ്മിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. മദ്യപിച്ച് വീട്ടിലെത്തുന്ന കുട്ടികൃഷ്ണനുമായി പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ മൊഴി. ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. രണ്ട് പെൺമക്കൾ വിവാഹിതരാണ്. മകൻ ജില്ലയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്.
സംഭവത്തെ തുടർന്ന് പൊലീസും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ചേർന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തിയിരുന്നു. ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് കുട്ടികൃഷ്ണനായി അന്വേഷണം പുരോഗമിക്കവെയാണ് ഇയാളെ കണ്ടെത്തി പിടികൂടിയത്.
പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

