തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ട മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് വിവരങ്ങൾ ‘www.hscap.kerala.gov.in’ എന്ന അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-SWS വിഭാഗത്തിലെ ‘Second Allot Results’ ലിങ്ക് വഴി പരിശോധിക്കാം.
അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ജൂൺ 23 വൈകിട്ട് 5 മണിവരെ പ്രവേശനം നേടാം.
അലോട്ട്മെൻ്റ് ലഭിച്ചവർക്ക് ബന്ധപ്പെട്ട സ്‌കൂളിൽ രക്ഷിതാവിനൊപ്പം എത്തി ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രവേശനം നേടണം. അലോട്ട്മെൻ്റ് ലെറ്റർ സ്‌കൂളിൽ നിന്ന് പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ഒന്നാം അലോട്ട്മെൻ്റിൽ താൽക്കാലിക പ്രവേശനം നേടിയവർക്ക് ഉയർന്ന ഓപ്ഷൻ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെൻ്റ് ലെറ്റർ ആവശ്യമില്ല.
ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിച്ചവർ നിർബന്ധമായും ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെൻ്റ് ലെറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിക്കുന്നവർക്ക് താൽക്കാലികമോ സ്ഥിരമോ ആയ പ്രവേശനം തിരഞ്ഞെടുക്കാം. പ്രവേശനം നേടാത്തവർ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കപ്പെടില്ല.
ഓരോ സ്‌കൂളിലെയും കാറ്റഗറി അടിസ്ഥാനത്തിലുള്ള അവസാന റാങ്ക് വിവരങ്ങളും വെബ്സൈറ്റിൽ പരിശോധിക്കാം.
മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള രണ്ടാം അലോട്ട്മെൻ്റ് ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. Candidate Login-MRS വഴി ‘Second Allot Results’ പരിശോധിക്കാം. ഇവിടെ പ്രവേശനം ജൂൺ 22 രാവിലെ 10 മുതൽ ജൂൺ 23 വൈകിട്ട് 5 വരെ നടക്കും.
സ്പോർട്സ് ക്വാട്ടയിലെ ഒന്നാം അലോട്ട്മെൻ്റ് ഫലവും പ്രസിദ്ധീകരിച്ചു. Candidate Login-Sports വിഭാഗത്തിലെ Sports Results ലിങ്ക് വഴി ഫലം അറിയാം. ഇവർക്കും പ്രവേശനം ജൂൺ 22 മുതൽ ജൂൺ 23 വൈകിട്ട് 5 വരെ ലഭ്യമാണ്.

