Home Kerala“ചരിത്രപരമായ ദിവസം; എനിക്ക് കുറച്ചെങ്കിലും നീതി ലഭിച്ചു” — പ്രതികരിച്ച് നടി അൻസിബ ഹസൻ

“ചരിത്രപരമായ ദിവസം; എനിക്ക് കുറച്ചെങ്കിലും നീതി ലഭിച്ചു” — പ്രതികരിച്ച് നടി അൻസിബ ഹസൻ

by news_desk1
0 comments

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നടി അൻസിബ ഹസൻ. ഇന്ന് ചരിത്രപരമായ ദിവസമാണെന്നും തനിക്ക് കുറച്ചെങ്കിലും നീതി ലഭിച്ചതായി കരുതുന്നുവെന്നും അവർ പ്രതികരിച്ചു.

വരവ്-ചെലവ് കണക്കുകളിലെ കൃത്യതയില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് അൻസിബ ഹസൻ ചൂണ്ടിക്കാട്ടി. ജനറൽ ബോഡിയിൽ വിഷയം ഉന്നയിക്കാൻ കഴിഞ്ഞതോടെ ഭാഗികമായി നീതി ലഭിച്ചതായി വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു.

മുൻപ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ജനറൽ ബോഡിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നും, അതിന് സംഘടനയിലെ ഓരോ അംഗങ്ങളും പിന്തുണ നൽകിയതായും അൻസിബ വ്യക്തമാക്കി. ഉച്ചയ്ക്കുശേഷമാണ് സംസാരിക്കാനുള്ള അവസരം ലഭിച്ചതെന്നും, അത് ആവശ്യപ്പെട്ട് നേടിയതാണെന്നും അവർ പറഞ്ഞു.

“32 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സംഭവം അമ്മയിൽ നടക്കുന്നത്. ഭരണസമിതിക്ക് കൃത്യമായ വരവ്-ചെലവ് കണക്കുകൾ ജനറൽ ബോഡിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. പലതവണ കമ്മിറ്റി അംഗങ്ങൾ സമയം ചോദിച്ചെങ്കിലും ജനറൽ ബോഡിയിൽ അത് അംഗീകരിക്കപ്പെട്ടില്ല. വരവ്-ചെലവ് കണക്കുകളുടെ കൃത്യതയില്ലായ്മ തന്നെയാണ് പ്രധാന പ്രശ്നം,” എന്നും അൻസിബ പറഞ്ഞു.

നീന കുറുപ്പ് ഉൾപ്പെടെ ചില വിഷയങ്ങൾ ഉണ്ടായിരുന്നുവെന്നും, താൻ ഉന്നയിച്ച എല്ലാ കാര്യങ്ങളും ജനറൽ ബോഡിയിൽ പറയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

തനിക്ക് നീതി ലഭിക്കുന്നതിന് ഇനിയും മുന്നോട്ട് പോകുമെന്നും അൻസിബ വ്യക്തമാക്കി. സംഘടനയിൽ നിന്ന് പോയവരെ തിരിച്ചുകൊണ്ടുവരണമെന്ന് വരാനിരിക്കുന്ന കമ്മിറ്റിയോട് അഭ്യർത്ഥിക്കുന്നതായും അവർ പറഞ്ഞു. ഔദ്യോഗികമായി ക്ഷണിക്കണമെന്നും, വരണോ ഇല്ലയോ എന്നത് വ്യക്തികളുടെ തീരുമാനമാകുമെന്നും എന്നാൽ ക്ഷണം നൽകുന്നത് സംഘടനയുടെ നീതിപരമായ ബാധ്യതയാണെന്നും അവർ അഭിപ്രായപ്പെട്ടു.

You may also like