കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടി അൻസിബ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് നടി മാല പാർവതി. സ്വജനപക്ഷപാതം, പണം ധൂർത്തടിക്കൽ ഉൾപ്പെടെ അൻസിബ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഭരണസമിതിക്ക് മറുപടി നൽകാൻ കഴിഞ്ഞില്ലെന്നും ശക്തമായ സ്ത്രീപക്ഷ നിലപാടാണ് അൻസിബയിൽ കണ്ടതെന്നും മാല പാർവതി പറഞ്ഞു.
അൻസിബ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാതെ ഒടുവിൽ താനും ഭരണസമിതിയും രാജിവയ്ക്കുന്നുവെന്ന് മാത്രമാണ് ശ്വേതയ്ക്ക് പറയാനുണ്ടായിരുന്നതെന്ന് മാല പാർവതി പറഞ്ഞു. നാളെ അൻസിബ ജനറൽ സെക്രട്ടറിയോ മന്ത്രിയോ ആകാൻ സാധ്യതയുള്ള വ്യക്തിയാണെന്നും അത്ര വ്യക്തതയോടെയും ആർജവത്തോടെയുമാണ് അവർ സംസാരിച്ചതെന്നും മാല പാർവതി വ്യക്തമാക്കി.
ജനറൽ ബോഡിയിൽ പിൻ ഡ്രോപ്പ് നിശ്ശബ്ദതയോടെയാണ് അൻസിബയുടെ വാക്കുകൾ എല്ലാവരും കേട്ടതെന്നും അനൂപ് ചന്ദ്രനും കൊല്ലം തുളസിയും മറ്റ് ചിലരും ഒഴികെ ഭൂരിഭാഗം അംഗങ്ങളും അൻസിബയുടെ അഭിപ്രായങ്ങളോട് യോജിച്ചുവെന്നാണ് താൻ കരുതുന്നതെന്നും അവർ പറഞ്ഞു.
പുതിയ ഭരണസമിതിക്ക് റിപ്പോർട്ടും കണക്കുകളും കൃത്യമായി അവതരിപ്പിക്കാൻ കഴിയാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മാല പാർവതി വിമർശിച്ചു. സ്ത്രീകളായതിനാൽ ഉത്തരവാദിത്വത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മല്ലിക സുകുമാരനും യോഗത്തിൽ എഴുന്നേറ്റ് നിന്ന് കണക്കുകൾ ലഭിച്ചില്ലെന്ന് പറഞ്ഞതായി മാല പാർവതി വെളിപ്പെടുത്തി. ബാബുരാജിന്റെ കാലത്തെ കണക്കുകളിലെ പിഴവുകളാണ് റിപ്പോർട്ട് അവതരിപ്പിക്കാൻ കഴിയാത്തതിന് കാരണമായി പുതിയ ഭരണസമിതി ചൂണ്ടിക്കാട്ടുന്നതെന്നും, എന്നാൽ ബാബുരാജിനോട് കണക്കുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ ആരോപിച്ചു.
ശ്വേതയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സംസാരിച്ചത് ഗണേഷ് കുമാറാണെന്നും ഭരണപരിചയക്കുറവാണെന്നും സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി മാല പാർവതി പറഞ്ഞു. ഭരണസമിതിക്ക് 17 അംഗങ്ങളെ ഒരുമിച്ച് നിർത്താൻ സാധിച്ചില്ലെന്നും ചില കാര്യങ്ങൾ ബാലിശവും അൺപ്രൊഫഷണലുമായിരുന്നുവെന്നും അവർ വിമർശിച്ചു.
മാധ്യമങ്ങളിലൂടെ യുദ്ധം ചെയ്യാമെന്ന നിലപാടാണ് ശ്വേത അവസാനം സ്വീകരിച്ചതെന്നും ഇത് സ്ത്രീകൾ തമ്മിലുള്ള പോരാട്ടമല്ലെന്നും മാല പാർവതി വ്യക്തമാക്കി. അൻസിബയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി മാന്യമായി മുന്നോട്ട് പോകാമായിരുന്നുവെന്നും അവർ പറഞ്ഞു.
പ്രസിഡൻഷ്യൽ അഭിസംബോധനയിൽ 1500 രൂപ പെൻഷൻ നൽകുമെന്നും അടുത്ത ജനറൽ ബോഡി തായ്ലൻഡിൽ നടത്തുമെന്നുമുള്ള പ്രഖ്യാപനങ്ങൾ നടത്തിയതോടെ വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെട്ടുവെന്നും മാല പാർവതി കൂട്ടിച്ചേർത്തു.

