Home Top Storiesപ്രിയദര്‍ശിനി പദ്ധതി തുടരും; സൗജന്യ യാത്രക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

പ്രിയദര്‍ശിനി പദ്ധതി തുടരും; സൗജന്യ യാത്രക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

കഴിഞ്ഞ ദിവസം പരിഗണിച്ച ഹര്‍ജിയില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. പ്രിയദര്‍ശിനി പദ്ധതി രാഷ്ട്രീയ നേട്ടത്തിനായി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചതില്‍ എന്താണ് തെറ്റെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി നേരത്തെ ചോദിച്ചിരുന്നു.

ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൊതുജനാഭിപ്രായം തേടിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പാക്കിയതിലൂടെ പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകുമെന്നും അത് താങ്ങാനാവാത്ത ഭാരമാകുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

പുരുഷന്മാരെയും സ്ത്രീകളെയും ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതിയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജിയിലെ വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് പ്രിയദര്‍ശിനി പദ്ധതി തുടരുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

You may also like