കൊച്ചി: പനങ്ങാട് പ്രദേശത്ത് കുട്ടികൾ ഉൾപ്പെട്ട മോഷണ പരമ്പര വ്യാപാരികൾക്കിടയിൽ ആശങ്ക ഉയർത്തുന്നു. പകൽ സമയങ്ങളിൽ പെട്ടിക്കടകൾ മുതൽ ഇടത്തരം വ്യാപാര സ്ഥാപനങ്ങൾ വരെ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
സ്കൂളിൽ പോകാതെ കറങ്ങി നടക്കുന്ന കുട്ടികൾ ആളൊഴിഞ്ഞ സമയം നോക്കി കടകളിൽ കയറി മോഷണം നടത്തുന്നതായാണ് വിവരം. സിഗരറ്റ് ആവശ്യപ്പെട്ട് ലഭിക്കാത്ത കടകളിൽ നിന്ന് സിഗരറ്റുകൾ മോഷ്ടിക്കുകയും പിന്നീട് അവ മറ്റ് കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നതായും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം ചേപ്പനത്തെ ഒരു പെട്ടിക്കടയിൽ നിന്ന് ഏകദേശം 3,000 രൂപ വിലവരുന്ന സിഗരറ്റുകളാണ് സംഘം കവർന്നതെന്നാണ് വ്യാപാരികളുടെ പരാതി. മോഷ്ടിച്ച സിഗരറ്റുകൾ രഹസ്യമായി സൂക്ഷിച്ച് പലപ്പോഴായി ഉപയോഗിക്കുകയും മറ്റുള്ള കുട്ടികൾക്ക് നൽകുകയും ചെയ്തതായും നാട്ടുകാർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
എൻ.എം ജങ്ഷനിലെ ഒരു ബേക്കറിയിൽ നിന്ന് പണം മോഷ്ടിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. കടയിൽ സൂക്ഷിച്ചിരുന്ന പണത്തിൽ സ്ഥിരമായി കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് ഉടമ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടികളാണ് മോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.
ചേപ്പനത്തെ മത്സ്യബന്ധന ഉപകരണ നിർമാണശാലയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച കുട്ടികളെ കടയുടമ തടഞ്ഞുവെച്ച സംഭവവും ഉണ്ടായിട്ടുണ്ട്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചെങ്കിലും അവർ കാര്യമായ ഇടപെടൽ നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
നഷ്ടം സംഭവിച്ച ചില വ്യാപാരികൾ പനങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടികളായതിനാൽ പരാതിയിൽ കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കുട്ടികളെ നിയന്ത്രിക്കുന്നതിൽ രക്ഷിതാക്കൾ വീഴ്ച വരുത്തുന്നതും പരാതികളിൽ ആവശ്യമായ നടപടികൾ ഉണ്ടാകാത്തതുമാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
സംഭവത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് പ്രദേശത്തെ വ്യാപാരി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

