Home Nationalഅയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

by news_desk1
0 comments

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ടതായി ഉയർന്ന തട്ടിപ്പ് ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകുകയും വേണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജിക്കാർ.

ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് ഉയർന്ന ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ നിയന്ത്രണ, മേൽനോട്ട, ഓഡിറ്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ട്രസ്റ്റിനും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയും പൊതുതാൽപര്യത്തെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട വലിയ ക്രമക്കേട് ആരോപണങ്ങൾ ഭക്തരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

യുപി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) ഇതുവരെ എഫ്‌ഐആറോ ക്രിമിനൽ കേസോ രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും ഹർജിക്കാർ ആരോപിക്കുന്നു. സാമ്പത്തികവും ക്രിമിനൽ സ്വഭാവമുള്ളതുമായ സങ്കീർണ കേസുകൾ വിദഗ്ധ ഏജൻസിയായ സിബിഐക്ക് കൈമാറുന്നതാണ് പൊതുജന വിശ്വാസം വർധിപ്പിക്കുകയെന്ന നിലപാടും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെയാണ് എസ്‌ഐടി അന്വേഷണം നടത്തിവന്നത്. ചൊവ്വാഴ്ച 150 പേജുള്ള അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറിയിരുന്നു.

ജൂൺ 13-നാണ് ക്ഷേത്ര ട്രസ്റ്റിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ സംഭാവനകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്‌പെക്ടർ ജനറൽ കിരൺ എസ്, ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്.

You may also like