തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിച്ച ഫയൽ അതിവേഗത്തിലാണ് മുന്നോട്ടുപോയതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. 2023-ൽ ആരംഭിച്ച ഫയൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വേഗത്തിൽ പരിഗണിക്കപ്പെട്ടതിന്റെ ഫയൽ മൂവ്‌മെന്റ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മെയ് 18-ന് പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ, മെയ് 21-ന് നികുതിയിളവുമായി ബന്ധപ്പെട്ട ഫയൽ വീണ്ടും സജീവമായി. വെറും രണ്ടര മണിക്കൂറിനുള്ളിൽ ഫയൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരിഗണനയിലെത്തിയെന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി ഫയൽ പരിശോധിച്ചതിന് ശേഷം നടപടികൾ കൂടുതൽ വേഗത്തിലായി. ജൂൺ 15-ന് മുഖ്യമന്ത്രി ഫയലിൽ തീരുമാനം രേഖപ്പെടുത്തി. തുടർന്ന് ജൂൺ 16-ന് രാവിലെ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഫയൽ നീക്കി. രാവിലെ 8.45-ന് ആരംഭിച്ച നടപടികൾ പിന്നീട് മിനിറ്റുകൾക്കുള്ളിൽ വിവിധ തലങ്ങളിലൂടെ മുന്നേറിയതായും ഫയൽ ചരിത്രം വ്യക്തമാക്കുന്നു.
നികുതിയിളവ് ബക്കാഡി കമ്പനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണെന്നാണ് ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എൽഡിഎഫ് ഭരണകാലത്ത് തീരുമാനമാകാതെ കിടന്നിരുന്ന ഫയലിലാണ് പുതിയ സർക്കാർ ആദ്യ ബജറ്റിൽ തന്നെ നികുതിയിളവ് അനുവദിച്ചത്. 2023-ൽ അന്നത്തെ നികുതി വകുപ്പ് സെക്രട്ടറിയായിരുന്ന രത്തൻ ഖേൽക്കർ ഫയൽ പരിശോധിച്ചിരുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയും രത്തൻ ഖേൽക്കറിനാണ്.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ നികുതിയിളവ് പുനഃപരിശോധിക്കാനുള്ള സാധ്യത ഉയരുന്നുണ്ട്. പാർട്ടിയിലും മുന്നണിയിലും അതൃപ്തി ശക്തമായ സാഹചര്യത്തിൽ വിഷയത്തിൽ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി വേദികളിൽ ചർച്ച ചെയ്യാതെയാണ് തീരുമാനം എടുത്തതെന്ന വിമർശനവും ഉയരുന്നു.
എക്‌സൈസ് മന്ത്രിയെ പോലും അറിയിക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന പരാതിയും ചില നേതാക്കൾ ഉന്നയിക്കുന്നുണ്ട്. നികുതി ഇളവിന്റെ കാര്യത്തിൽ പുനഃപരിശോധന വേണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾ സ്വീകരിച്ചിരിക്കുന്നത്.
തീരുമാനത്തിൽ മാറ്റമുണ്ടാകാത്ത പക്ഷം അതൃപ്തി പരസ്യമായി അറിയിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നേരത്തെ തന്നെ മദ്യനികുതി ഇളവിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാവ് വി.എം. സുധീരൻ രംഗത്തെത്തിയിരുന്നു.
വിഷയം ഇന്ന് നിയമസഭയിലും ചർച്ചയാകും. മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് അവതരണാനുമതി തേടുക.

