Home Keralaകൊട്ടാരക്കര ടിപ്പർ ദുരന്തം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി യാത്ര; 17 വർഷം പഴക്കമുള്ള ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി

കൊട്ടാരക്കര ടിപ്പർ ദുരന്തം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി യാത്ര; 17 വർഷം പഴക്കമുള്ള ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി

by news_desk1
0 comments

കൊട്ടാരക്കര: നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ച അപകടത്തിൽ ഗുരുതര നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. അപകടം വരുത്തിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ടിപ്പർ വാഹനം ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്ന് നാട്ടിലെത്തിയതെന്നും അധികൃതർ അറിയിച്ചു.

അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് പ്രധാന കാരണമായതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.

മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അപകടത്തിൽപ്പെട്ട ടിപ്പർ ലോറിയെക്കുറിച്ച് കൂടുതൽ ഗുരുതര വിവരങ്ങളും പുറത്തുവന്നു. 17 വർഷം പഴക്കമുള്ള വാഹനമാണിത്. മുൻപും നിരവധി നിയമലംഘനങ്ങൾക്കായി ഈ വാഹനം പിടിക്കപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആർടിഒ റദ്ദാക്കി.

കഴിഞ്ഞ ഏപ്രിലിലാണ് വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. എന്നാൽ നിലവിൽ ഫിറ്റ്നസുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ, ഫിറ്റ്നസ് അനുവദിച്ചത് ചട്ടപ്രകാരമായിരുന്നോയെന്ന് വിശദമായി പരിശോധിക്കുമെന്ന് ആർടിഒ അറിയിച്ചു. ഇതിനായി സമഗ്രമായ അന്വേഷണം നടത്തുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.

മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ എന്നിവർ മരണപ്പെട്ടു.

അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശിയായ നിസാമിനും വിവിധ ആശുപത്രികളിൽ ചികിത്സ തുടരുകയാണ്. രണ്ട് പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും, ഒരാൾ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും, രണ്ട് പേർ മെഡിസിറ്റിയിലുമാണ് ചികിത്സയിൽ.

മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഋഷഭും കുശാലും ഗുരുതരാവസ്ഥയിലാണ്. ഇവരിൽ ഒരാൾ വെന്റിലേറ്ററിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക തുടരുകയാണ്.

അപകടവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ സാങ്കേതിക തകരാറുകൾ, ഫിറ്റ്നസ് പരിശോധനയിലെ വീഴ്ചകൾ, ഡ്രൈവറുടെ ലൈസൻസ് സംബന്ധമായ ക്രമക്കേടുകൾ എന്നിവ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പും പൊലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

You may also like