കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രി പദവിയിലുള്ള ഒരാളെ ‘അവൻ’, ‘ഇവൻ’ എന്ന് അഭിസംബോധന ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും, ആരായാലും പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ അത്തരത്തിൽ വിളിക്കുന്നത് അന്തസ്സിനും തറവാടിത്തനത്തിനും ചേർന്നതല്ലെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി തിരക്കേറിയ ചുമതലകളുള്ള വ്യക്തിയാണെന്നും എല്ലാവർക്കും സമയം അനുവദിക്കുന്നതിൽ പ്രായോഗിക പരിമിതികൾ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി ഡി സതീശനെ 25 വർഷത്തിലേറെയായി വ്യക്തിപരമായി അറിയാമെന്നും, മുഖ്യമന്ത്രി പദവിയിലുള്ളതിനാൽ പ്രത്യേക ബഹുമാനം നൽകേണ്ടതുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരെ പോലും ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തപ്പോൾ താൻ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും, അതേ നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
“എനിക്കറിയാവുന്ന വി ഡി സതീശൻ സുകുമാരൻ നായരുടെ അടുത്തേക്ക് പോകില്ല. അദ്ദേഹം ആദർശമുള്ള വ്യക്തിയാണ്,” എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
അതേസമയം, താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളെയും കുറിച്ച് ഗണേഷ് കുമാർ പ്രതികരിച്ചു. സംഘടനയെ മോഹൻലാലും മമ്മൂട്ടിയും പോലുള്ള മുതിർന്ന താരങ്ങൾ മുന്നോട്ടുവന്ന് സംരക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘അമ്മ’യുടെ ഭാരവാഹിത്വത്തിൽ ഇനി പരീക്ഷണങ്ങൾ വേണ്ടെന്നും, പരിചയസമ്പന്നരായ സീനിയർ അംഗങ്ങൾ നേതൃത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർഷിക ജനറൽ ബോഡിയിൽ കണക്കുകളിലെ അപാകതകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും, നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ തിരഞ്ഞെടുപ്പിലേക്ക് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്ഹോക്ക് കമ്മിറ്റിക്ക് നാല് മാസത്തെ ചുമതലയാണുള്ളതെന്നും കൂട്ടിച്ചേർത്തു.
ഭരണസമിതി അംഗങ്ങൾ തമ്മിൽ യോജിപ്പില്ലായ്മ ഉണ്ടായിരുന്നുവെന്നും, ട്രഷററും സെക്രട്ടറിയും പ്രസിഡന്റും തമ്മിൽ കാര്യങ്ങൾ തുറന്ന് പറയാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ജനറൽ ബോഡിയുടെ തീരുമാനങ്ങളാണ് അന്തിമമെന്നും, ‘അമ്മ’യിൽ രാഷ്ട്രീയമോ ജാതിയോ മതമോ കലരാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“കലാകാരന് എന്ത് മതം?” എന്ന് ചോദിച്ച ഗണേഷ് കുമാർ, മതപരമായ ആരോപണങ്ങൾ ഉയർന്നത് ലജ്ജാകരമാണെന്നും അത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശൻ വിചാരിച്ചാൽ എൻഎസ്എസിനെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും, എൻഎസ്എസ് വിചാരിച്ചാൽ പലതും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയിട്ടും ലഭിച്ചില്ലെന്നും, വി ഡി സതീശൻ അഹങ്കാരിയാണെന്നും സുകുമാരൻ നായർ ആരോപിച്ചിരുന്നു.

