Home Top Storiesസെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം; ബ്ലേഡ് ആക്രമണത്തിൽ പരസ്പര ആരോപണം, അന്വേഷണം ശക്തമാക്കി പൊലീസ്

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം; ബ്ലേഡ് ആക്രമണത്തിൽ പരസ്പര ആരോപണം, അന്വേഷണം ശക്തമാക്കി പൊലീസ്

by news_desk1
0 comments

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ പൊലീസും എസ്എഫ്‌ഐയും തമ്മിൽ പരസ്പര ആരോപണങ്ങൾ ശക്തമാകുന്നു. മാർച്ചിനിടെ എസ്എഫ്‌ഐ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. അതേസമയം, ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചത് പൊലീസാണെന്നാണ് എസ്എഫ്‌ഐ നേതൃത്വം ആരോപിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് തെളിവായി സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതായി പറയുന്ന ബ്ലേഡുകളുടെ ചിത്രങ്ങളും എസ്എഫ്‌ഐ പുറത്തുവിട്ടിട്ടുണ്ട്. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും, ആവശ്യമെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

സംഘർഷത്തിൽ ഇരുപതോളം പ്രവർത്തകർക്ക് പരിക്കേറ്റതായി എസ്എഫ്‌ഐ ആരോപിക്കുന്നു. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടികൾക്കും പരിക്കേറ്റതായാണ് സംഘടനയുടെ വാദം. കോവളം ഏരിയ കമ്മിറ്റി അംഗം അശ്വിന്റെ മുതുകിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചെന്നും, വിതുര ഏരിയ ജോയിന്റ് സെക്രട്ടറിക്കും പരിക്കേറ്റിട്ടുണ്ടെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.

“സമരം നടത്തിയ പ്രവർത്തകരെ അകാരണമായി മർദിച്ചു. ഏത് നിയമപ്രകാരമാണ് പെൺകുട്ടികളെ തലയിൽ അടിക്കാനും ചവിട്ടാനും അധികാരം നൽകിയിരിക്കുന്നത്? വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെയാണ് പെൺകുട്ടികളെ മർദിച്ചത്. ഫീസ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഞങ്ങളുടെ കുറ്റമോ? മർദിച്ചതിന് ശേഷം ചർച്ചയ്ക്ക് തയ്യാറാകുകയാണ് പൊലീസ്. മലപ്പുറത്ത് സമരങ്ങളെ നേരിട്ട അതേ രീതി തലസ്ഥാനത്തും ആവർത്തിച്ചു. ഫീസ് വർധന പിൻവലിച്ചില്ലെങ്കിൽ വീണ്ടും സമരവുമായി രംഗത്തുവരും. വനിതാ പ്രവർത്തകരെ ഉൾപ്പെടെ യാതൊരു കാരണവുമില്ലാതെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണം,” എന്ന് പി.എസ്. സഞ്ജീവ് ആരോപിച്ചു.

ഐഎച്ച്ആർഡി ഫീസ് വർധനയ്‌ക്കെതിരെ എസ്എഫ്‌ഐ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും നടത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like