തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരായ കാപ്പ നടപടി സംസ്ഥാന സർക്കാർ അംഗീകരിച്ചു. ജില്ലാ കളക്ടർ ചുമത്തിയ കാപ്പയാണ് ആഭ്യന്തര വകുപ്പ് അംഗീകരിച്ചത്. ആഭ്യന്തര വകുപ്പിന്റെ സമിതി ഇന്നലെയാണ് ഇതിന് അംഗീകാരം നൽകിയത്.
അതേസമയം, ഇളവ് ലഭിക്കണമെങ്കിൽ കാപ്പ ഉപദേശക സമിതിയെ സമീപിക്കേണ്ടതുണ്ട്. എന്നാൽ സർക്കാർ ഇതുവരെ സമിതി രൂപീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ജൂലൈ 26-നകം കാപ്പ കേസിൽ ജാമ്യം ലഭിക്കാത്ത പക്ഷം സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമാകും. അതിന് മുമ്പ് ജാമ്യം നേടാനാണ് ബിജെപിയുടെ ശ്രമം. കാപ്പ നടപടി ഒഴിവാക്കുന്നതിനൊപ്പം, പുനഃസത്യപ്രതിജ്ഞ നടത്തുന്നതിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിക്കാനും ബിജെപി ഒരുങ്ങുകയാണ്.
ഇതിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾക്കെതിരെ എൽഡിഎഫും രംഗത്തെത്തി. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് അറിയിച്ചു.
സത്യപ്രതിജ്ഞ അസാധുവാക്കിയ കാലയളവിൽ നടന്ന വോട്ടെടുപ്പാണ് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾക്ക് അടിസ്ഥാനമായതെന്നാണ് എൽഡിഎഫിന്റെ വാദം. അതിനാൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് അവരുടെ ആവശ്യം. കൂടാതെ അടുത്തയാഴ്ച കൗൺസിൽ യോഗം വിളിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരിൽ 19 പേരും ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. വൈകിട്ട് 4.30-ന് കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട 20 അംഗങ്ങളിൽ 19 പേരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

