Home Keralaഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേരാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിലേക്ക്; പ്രോസിക്യൂട്ടർക്കെതിരെ കടുത്ത നടപടി

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേരാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിലേക്ക്; പ്രോസിക്യൂട്ടർക്കെതിരെ കടുത്ത നടപടി

by news_desk
0 comments

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ ഏജൻസി നേരിട്ട് കക്ഷി ചേരുന്നു. കേസിൽ കക്ഷി ചേരാൻ അനുമതി തേടി ഇ.ഡി ഉടൻ തന്നെ കോടതിയിൽ ഔദ്യോഗിക അപേക്ഷ നൽകും. ഇതോടൊപ്പം, കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിക്കാൻ വഴിവിട്ട സഹായം നൽകിയെന്ന ആക്ഷേപത്തിൽ പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഇ.ഡി പരാതി നൽകും. പൊലീസിന്റെ കൃത്യമായ റിപ്പോർട്ട് അവഗണിച്ച് പ്രോസിക്യൂട്ടർ പ്രതിയുമായി ഒത്തുകളിച്ചെന്നാണ് കേന്ദ്ര ഏജൻസിയുടെ ഗുരുതരമായ ആരോപണം.

കേസിലെ ഒമ്പതാം പ്രതിയും കടകമ്പള്ളി സ്വദേശിയായ സി.പി.എം പ്രവർത്തകനുമായ ഹരീഷ് കുമാറിന് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ് ഹരീഷിന് ജാമ്യം ലഭിച്ചത്. മാസപ്പടി അഴിമതിക്കേസുമായി ബന്ധപ്പെട്ട് മേയ് 27-നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികൾ ഉൾപ്പെടെ രാജ്യത്തെ 12 കേന്ദ്രങ്ങളിൽ ഇ.ഡി ഒരേസമയം നിർണായക റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്തെ വസതിയിൽ എട്ട് മണിക്കൂറോളം നീണ്ട പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് ഒരുസംഘം ആളുകൾ അക്രമം അഴിച്ചുവിട്ടത്. ഈ ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വഴിയിൽ തടഞ്ഞുനിർത്തി കല്ലുകൾ, മരക്കമ്പുകൾ, കട്ടകൾ എന്നിവ ഉപയോഗിച്ച് അക്രമിസംഘം തകർക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷയെപ്പോലും ബാധിച്ച ഈ കേസിൽ പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചതിലുള്ള അതൃപ്തിയാണ് ഇപ്പോൾ നിയമപോരാട്ടത്തിലേക്ക് നേരിട്ടിറങ്ങാൻ ഇ.ഡിയെ പ്രേരിപ്പിച്ചത്. കേസ് അട്ടിമറിക്കാൻ പ്രാദേശിക തലത്തിൽ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം ശക്തമാക്കാനാണ് ഇ.ഡിയുടെ നീക്കം.

You may also like