കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഇടപാടുകളിലേക്കും വ്യാപിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് ലഭിച്ച സഹായങ്ങൾ ഇഡി പരിശോധിക്കുകയാണ്.
വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കരാറിൽ അസ്വാഭാവികതയുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. അതിനാൽ കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രം.
ആദ്യ എൽഡിഎഫ് സർക്കാരും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. വീണയുടെ മൊഴിയിൽ ഇപ്പോഴും അവ്യക്തത തുടരുന്നതായാണ് ഇഡി വിലയിരുത്തുന്നത്. കരാർ ലഭിച്ചതിൽ അസ്വാഭാവികതയില്ലെന്നാണ് വീണയുടെ വിശദീകരണം. എന്നാൽ ഈ മൊഴി ഇഡി വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിൽ വീണ ടിയുടെ മൂന്നാംഘട്ട ചോദ്യം ചെയ്യൽ ഉടൻ നടക്കും. രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഇന്നലെ ഏകദേശം പത്ത് മണിക്കൂർ നീണ്ടിരുന്നു.
എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ലഭ്യമായതിന് പിന്നാലെയാണ് രണ്ടാംതവണ ചോദ്യം ചെയ്യലിനായി വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കരിമണൽ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകൾ മാത്രമല്ല, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഈ കമ്പനിയുമായി ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിലും ഇഡി വിശദീകരണം തേടിയെന്നാണ് വിവരം.
രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഈ മാസം 29-നാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ എസ്എഫ്ഐഒയുടെ അനുബന്ധ രേഖകൾ ലഭിച്ചതിനെ തുടർന്ന് ഇന്നലെ ഹാജരാകാൻ ഉദ്യോഗസ്ഥർ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. 29-ന് ഹാജരാകുന്നതിൽ അസൗകര്യമുണ്ടെന്ന് വീണ നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് രാവിലെ ഒമ്പതരയോടെയാണ് ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം വീണ ഇഡി ഓഫീസിൽ എത്തിയത്.
എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇഡിക്ക് കഴിഞ്ഞ ദിവസം ലഭിച്ചത്. കരിമണൽ കമ്പനിയും വീണയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രധാന രേഖകളാണ് ഇവ. മുൻപ് ഈ രേഖകൾ ലഭ്യമല്ലാതിരുന്നതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
ഇന്നലെ നടന്ന പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വീണയ്ക്ക് മാത്രമല്ല, മുൻ മുഖ്യമന്ത്രി പിണറായി വിജയനും കരിമണൽ കമ്പനിയുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദ്യങ്ങളായി ഉയർന്നുവെന്നാണ് വിവരം. സുപ്രധാന പദവിയിലിരിക്കെ സിഎംആർഎല്ലിന് സഹായം ലഭിച്ചുവെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദ്യം ചെയ്യലിന്റെ ഭാഗമായി.
എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് നൽകിയ സേവനങ്ങൾ, സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക എങ്ങനെ വിനിയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് ആദ്യഘട്ട ചോദ്യം ചെയ്യലിൽ പ്രധാനമായും പരിശോധിച്ചത്. സേവനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും വീണയ്ക്ക് അവ സമർപ്പിക്കാനായിരുന്നില്ല.
ഇതിനുശേഷം വീണയുടെ എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കറും ഇഡി തുറന്ന് പരിശോധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ അധികൃതരുടെ ആദ്യഘട്ട ചോദ്യം ചെയ്യലും ഇതിനകം പൂർത്തിയായിട്ടുണ്ട്.

