കൊല്ലം: ചെറുമക്കളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമായി 65കാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കുളത്തുപ്പുഴ സ്വദേശി വേണുനാഥൻ പിള്ളയെ തെന്മല ഒറ്റക്കൽ സ്വദേശികളായ സനൽ, രാജേഷ് എന്നിവർ ചേർന്ന് ആക്രമിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയാണ് തെന്മലയിൽ സംഭവം നടന്നത്. കുറച്ച് നാളുകളായി ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള മകളുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു വേണുനാഥൻ പിള്ള. വൈകിട്ട് തെന്മലയിലെ ഒരു കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മദ്യലഹരിയിൽ ചുറ്റികയുമായി എത്തിയ പ്രതികൾ ആക്രമണം നടത്തിയത്.
സനലാണ് ചുറ്റികകൊണ്ട് വേണുനാഥൻ പിള്ളയുടെ തലയ്ക്കടിച്ചത്. ഈ സമയം കടയിലുണ്ടായിരുന്നവർ ചേർന്ന് സനലിനെ തടഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ നാട്ടുകാർ ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികളായ സനലും രാജേഷും ചേർന്ന് വേണുനാഥൻ പിള്ളയുടെ ചെറുമക്കളെ വഴിയിൽ വെച്ച് സ്ഥിരമായി മദ്യപിച്ച് ശല്യം ചെയ്തിരുന്നുവെന്ന് കാണിച്ച് നേരത്തെ തെന്മല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായ പ്രകോപനമെന്നാണ് ലഭിക്കുന്ന വിവരം.
തെന്മല പൊലീസ് സബ് ഇൻസ്പെക്ടർ നിതിൻ രാജിന്റെ നേതൃത്വത്തിൽ സിപിഒമാരായ വിഷ്ണു, വിപിൻ, അജിത്ത്, പ്രവീൺ എന്നിവർ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. പിന്നീട് പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

