Home Nationalട്രാക്സ്യൂട്ടും സ്നീക്കറും സൺഗ്ലാസും ധരിച്ച് മുഖ്യമന്ത്രി വിജയ്; മറീന ബീച്ചിൽ ആറു കിലോമീറ്റർ കൂട്ടയോട്ടം, ലഹരിക്കെതിരെ ശക്തമായ ആഹ്വാനം

ട്രാക്സ്യൂട്ടും സ്നീക്കറും സൺഗ്ലാസും ധരിച്ച് മുഖ്യമന്ത്രി വിജയ്; മറീന ബീച്ചിൽ ആറു കിലോമീറ്റർ കൂട്ടയോട്ടം, ലഹരിക്കെതിരെ ശക്തമായ ആഹ്വാനം

by news_desk1
0 comments

ചെന്നൈ: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി നടന്ന കൂട്ടയോട്ടത്തിന് നേതൃത്വം നൽകി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ചെന്നൈയിലെ മറീന ബീച്ചിൽ സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ ഫ്ലാഗ് ഓഫ് നൽകിയതിന് പിന്നാലെ വിജയ് തന്നെയും ഓട്ടത്തിൽ പങ്കാളിയായി.

‘സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്’ എന്ന പേരിൽ നടന്ന കൂട്ടയോട്ടത്തിൽ ട്രാക്സ്യൂട്ടും സ്നീക്കറും സൺഗ്ലാസും ധരിച്ചാണ് മുഖ്യമന്ത്രി വിജയ് ഓടാനിറങ്ങിയത്. ഇത് മറ്റ് പങ്കാളികൾക്കും ആവേശമായി. നൂറുകണക്കിന് പേരാണ് കൂട്ടയോട്ടത്തിൽ പങ്കെടുത്തത്.

തൗസൻഡ് ലൈറ്റിൽ നിന്ന് മറീന ബീച്ച് വരെയായിരുന്നു ആറു കിലോമീറ്റർ ദൈർഘ്യമുള്ള കൂട്ടയോട്ടം. പരിപാടിക്ക് മുന്നോടിയായി ബോധവൽകരണ ബോർഡിൽ “സ്പോർട്സ് എടു, ഡ്രഗ്സ് വിടു” (സ്പോർട്സ് ഏറ്റെടുക്കൂ, മയക്കുമരുന്നിനെ വിടൂ) എന്ന മുദ്രാവാക്യം വിജയ് രേഖപ്പെടുത്തി. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. തമിഴ്നാട് കായികമന്ത്രി ആദവ് അർജുന്‍ ഉൾപ്പെടെ നിരവധി മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു.

യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ലഹരിമുക്ത തമിഴ്നാട് സൃഷ്ടിക്കുന്നതിനും ലഹരിവസ്തുക്കൾ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അത്യന്താപേക്ഷിതമാണെന്ന് വിജയ് സമൂഹമാധ്യമത്തിൽ കുറിച്ചു.

വിദ്യാഭ്യാസം, കായികം, നൈപുണ്യ വികസനം തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ യുവാക്കളെ പങ്കാളികളാക്കുന്നതിലൂടെയും കർശനമായ നിയമനടപടികളിലൂടെയും സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയും ലഹരിവസ്തുക്കളെ നിർമ്മാർജനം ചെയ്ത് ശക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി തമിഴ്നാട് സർക്കാർ സ്വീകരിക്കുന്ന വിവിധ പദ്ധതികൾക്ക് എല്ലാവരും പിന്തുണ നൽകണമെന്നും ലഹരിമുക്തവും സുരക്ഷിതവും ആരോഗ്യകരവുമായ തമിഴ്നാട് സൃഷ്ടിക്കാൻ ഈ ദിനത്തിൽ പ്രതിജ്ഞയെടുക്കണമെന്നും വിജയ് ആഹ്വാനം ചെയ്തു.

ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ലഹരിവിരുദ്ധ ഗാനവും മുഖ്യമന്ത്രി വിജയ് പുറത്തിറക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് മയക്കുമരുന്ന് പൂർണമായും തുടച്ചുനീക്കുമെന്നത് വിജയ് നേതൃത്വത്തിലുള്ള ടിവികെയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്.

You may also like