കൊച്ചി: രാജ്യാന്തര പുരസ്‌കാര നേട്ടവുമായി കൊച്ചി മെട്രോ. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ UITP Impact Award 2026-നാണ് കൊച്ചി മെട്രോ അർഹമായത്. മെട്രോ റെയിൽ, വാട്ടർ മെട്രോ, ഫീഡർ സർവീസുകൾ, നടപ്പാതകൾ, സൈക്കിൾ സൗകര്യങ്ങൾ തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള നൂതന മൾട്ടിമോഡൽ ഇന്റഗ്രേഷൻ പദ്ധതിക്കാണ് ഈ അംഗീകാരം ലഭിച്ചത്.
ബെൽജിയത്തിലെ ബ്രസൽസിൽ ജൂൺ 23-ന് നടന്ന UITP Awards 2026 ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പൊതുഗതാഗത മേഖലയിലെ ആഗോള സംഘടനയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട് (UITP) ലോകമെമ്പാടുമുള്ള മികച്ചതും നൂതനവുമായ പൊതുഗതാഗത പദ്ധതികൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്.
‘Kochi Metro Rail: A Sustainable Multi Modal Integration Project for Better Connectivity’ എന്ന പദ്ധതിക്കാണ് കെഎംആർഎല്ലിന് പുരസ്‌കാരം ലഭിച്ചത്. മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസുകൾ, കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സൈക്കിൾ ഷെയറിംഗ് സംവിധാനം, ഡിജിറ്റൽ മൊബിലിറ്റി സേവനങ്ങൾ എന്നിവയെ ഒരൊറ്റ ശൃംഖലയിലേക്ക് ഏകോപിപ്പിച്ച് യാത്രക്കാർക്ക് തടസ്സമില്ലാത്തതും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ യാത്രാനുഭവം ഒരുക്കിയ പദ്ധതിയെന്ന നിലയിലാണ് ഇത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയത്.
പുരസ്‌കാര നേട്ടത്തിൽ സന്തോഷമുണ്ടെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പ്രതികരിച്ചു.
“കൊച്ചിക്കായി സംയോജിത ഗതാഗത ശൃംഖല സൃഷ്ടിക്കണമെന്ന കെഎംആർഎല്ലിന്റെ കാഴ്ചപ്പാടിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമാണിത്. ഈ നേട്ടം കെഎംആർഎല്ലിലെ ഓരോ ജീവനക്കാരുടെയും, ഞങ്ങളുടെ സഹപങ്കാളികളുടെയും, സുസ്ഥിര പൊതുഗതാഗത സംവിധാനത്തെ ഹൃദയപൂർവ്വം സ്വീകരിച്ച കേരള ജനതയുടെയും കൂട്ടായ വിജയമാണ്,” അദ്ദേഹം പറഞ്ഞു.

