Home Localപിറവം പുഴയിൽ അമ്മയും രണ്ട് വയസുകാരനും മരിച്ച നിലയിൽ; ഭർത്താവിനും മൂത്ത മകൾക്കുമായി തെരച്ചിൽ തുടരുന്നു

പിറവം പുഴയിൽ അമ്മയും രണ്ട് വയസുകാരനും മരിച്ച നിലയിൽ; ഭർത്താവിനും മൂത്ത മകൾക്കുമായി തെരച്ചിൽ തുടരുന്നു

by news_desk1
0 comments

കൊച്ചി: പിറവം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പായിപ്ര സ്വദേശിനി വിജി (44)യുടെയും രണ്ട് വയസുകാരനായ മകന്റെയും കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഭർത്താവ് നാരായണനും മൂത്ത മകളും ഒപ്പമെത്തി പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഐശ്വര്യ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മുളക്കുളം പാലത്തിന് സമീപം വിജിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വിജിക്ക് കാഴ്ചപരിമിതിയുണ്ടായിരുന്നു. ഭർത്താവിനെയും മകളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

വെള്ളിയാഴ്ച വൈകുന്നേരമാണ് മൂവാറ്റുപുഴ ആറിൽ കളമ്പൂർ പാലത്തിന് താഴെ നിന്ന് വിജിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വിജിയുടെ മൃതദേഹം പിറവം പൊലീസ് സ്റ്റേഷൻ പരിധിയിലും കുഞ്ഞിന്റെ മൃതദേഹം കോട്ടയം ജില്ലയിലെ വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം മണിക്കൂറുകൾക്ക് മുമ്പ് ഭർത്താവും മൂത്ത മകളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഹോട്ടലിൽ നിന്ന് നാല് പേരും പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കോതമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിന് വാടക കുടിശികയായതിനെ തുടർന്ന് താമസം മാറേണ്ടി വന്നിരുന്നു. സഹായം തേടി കോതമംഗലം പൊലീസ് സ്റ്റേഷനിലെത്തിയ ഇവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ സഹായം നൽകുകയും നെല്ലിക്കുഴിയിൽ വാടകവീട് ഒരുക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ വീട്ടിലേക്ക് താമസം മാറാമെന്ന് പറഞ്ഞാണ് കുടുംബം മടങ്ങിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിജിയുടെ ആരോഗ്യപ്രശ്നങ്ങളും കുടുംബത്തെ ബാധിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടമാണോ, ആത്മഹത്യയാണോ, അതോ മറ്റെന്തെങ്കിലും ദുരൂഹ സാഹചര്യങ്ങളാണോ മരണത്തിന് പിന്നിലെന്നതടക്കമുള്ള എല്ലാ സാധ്യതകളും പൊലീസ് അന്വേഷിച്ചുവരികയാണ്.

You may also like