Home Top Storiesമദ്യനികുതിയിളവും പിഎംശ്രീയും എൽ.ഡി.എഫ് വരുത്തിവെച്ചത്; മുൻ സർക്കാരിനെതിരെ ഫയൽവഴികൾ നിരത്തി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

മദ്യനികുതിയിളവും പിഎംശ്രീയും എൽ.ഡി.എഫ് വരുത്തിവെച്ചത്; മുൻ സർക്കാരിനെതിരെ ഫയൽവഴികൾ നിരത്തി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

by news_desk
0 comments

മലപ്പുറം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലും പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുൻ എൽ.ഡി.എഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വിവാദമായ ഈ രണ്ട് വിഷയങ്ങളിലെയും ഫയലുകൾ അതിവേഗം നീങ്ങിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്നും യു.ഡി.എഫ് സർക്കാർ അതിന്റെ തലവേദനകൾ പരിഹരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മദ്യനയത്തിൽ എന്ത് വേണമെന്ന് ഈ സർക്കാർ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കഴിഞ്ഞ പത്ത് വർഷം സംസ്ഥാനം ഭരിച്ച സർക്കാരിന്റെ തുടർച്ചയാണ് ഭരണപരമായ പല കാര്യങ്ങളും. മദ്യനികുതിയുമായി ബന്ധപ്പെട്ട ഫയൽ ബഹുദൂരം സഞ്ചരിച്ചാണ് ഞങ്ങളുടെ അടുക്കലേക്ക് എത്തിയത്. അതിന്റെ സഞ്ചാരപാത ഒന്ന് പരിശോധിക്കണം. വളരെ വേഗത്തിലാണ് അത് ദൂരം താണ്ടിയത്. അത്തരം ഫയലുകൾ സർക്കാരിന് മുന്നിൽ വരുമ്പോൾ അത് ബജറ്റിൽ പ്രതിഫലിച്ചു എന്ന് വരാം. ഉദ്യോഗസ്ഥരൊക്കെ പഴയതുതന്നെയാണല്ലോ,” മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ സ്കൂൾ പദ്ധതിയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണ് ഉണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് ഭരണകാലത്ത് ഫയലുകൾ ബഹുദൂരം മുന്നോട്ട് കൊണ്ടുപോയി കുടുക്കിവെക്കുകയായിരുന്നു. കേന്ദ്ര ഫണ്ട് കിട്ടില്ലെന്ന ഘട്ടമെത്തിയപ്പോഴാണ് അവർ അതിൽ ഒപ്പുവെച്ചതെന്ന് പ്രതിപക്ഷ നേതാവ് തന്നെ സമ്മതിച്ചിട്ടുള്ളതാണ്. അധികാരം ഏറ്റെടുത്തിട്ട് വെറും ഒരു മാസം മാത്രമായ പുതിയ യു.ഡി.എഫ് സർക്കാരിന്റെ തലയിൽ ഇത് കെട്ടിവെക്കേണ്ടതില്ല. അവർ ചെയ്തുവെച്ച ഈ കുരുക്കുകളിൽ നിന്ന് എങ്ങനെ തലയൂരാം എന്നാണ് ഇപ്പോൾ യു.ഡി.എഫ് നോക്കുന്നതെന്നും ഇതിലൊക്കെ വ്യക്തമായ ക്ലാരിറ്റിയുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണം കൊണ്ടുവരാൻ പുതിയ സർക്കാർ യാതൊരു നീക്കവും നടത്തുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി എടുത്തുപറഞ്ഞു. കരിമണൽ ഖനനം എന്നത് റിസർവ്ഡ് പബ്ലിക് സെക്ടറാണ് (പൊതുമേഖലയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്). അതിനാൽ തന്നെ അത്തരമൊരു സ്വകാര്യവൽക്കരണം യു.ഡി.എഫ് സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു.

You may also like