മുംബൈ: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി ഇടിഞ്ഞു. അമേരിക്ക–ഇറാൻ സമാധാന കരാറിനെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയാൻ കാരണമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയിൽ അഞ്ച് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 72 ഡോളറിന് താഴെയായി വില കുറഞ്ഞ് 71.99 ഡോളറിലെത്തി. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സമയത്ത് ബാരലിന് 120 ഡോളർ വരെ വില ഉയർന്നിരുന്നു. നിലവിൽ സംഘർഷം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന ഫെബ്രുവരി മാസത്തിലെ നിരക്കിലേക്കാണ് വില തിരിച്ചെത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വിവിധ ഘട്ടങ്ങളിലായി പെട്രോളിനും ഡീസലിനും ലിറ്ററിന് 7.50 രൂപയോളം വർധനവ് വരുത്തിയിരുന്നു. എന്നാൽ ആഗോള വിപണിയിൽ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയ്ക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
അതേസമയം, പെട്രോൾ വിൽപ്പനയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് മികച്ച ലാഭം ലഭിക്കുന്നുണ്ടെങ്കിലും ഡീസൽ വിൽപ്പന ഇപ്പോഴും നേരിയ നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നപ്പോഴും ഏകദേശം രണ്ടര മാസത്തോളം ചില്ലറ വില വർധിപ്പിക്കാതെ കമ്പനികൾ പിടിച്ചുനിന്നിരുന്നുവെന്നും പിന്നീട് ഭാഗികമായ വർധന മാത്രമാണ് നടപ്പാക്കിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിപണിയിലെ പ്രതിദിന വിലമാറ്റം അടിസ്ഥാനമാക്കിയല്ല ഇന്ത്യയിൽ ഇന്ധനവില നിശ്ചയിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. പകരം, മുൻ രണ്ടാഴ്ചയിലോ ഒരു മാസത്തിലോ ഉണ്ടായ ശരാശരി ക്രൂഡ് ഓയിൽ വിലയാണ് കണക്കാക്കുന്നത്. അതിനാൽ അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞ നിരക്ക് തുടർന്നാലും അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കാൻ കുറച്ച് സമയം എടുക്കുമെന്നും അധികൃതർ അറിയിച്ചു.

