കാരക്കാസ്: വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി. ദുരന്തത്തിൽ ഇതുവരെ 70,000ത്തോളം പേരെ കാണാതായതായി സൂചനയുണ്ട്. ലാ ഗ്വയ്റയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നൂറുകണക്കിന് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന വിമർശനവും ശക്തമാണ്.
ഇതിനിടെ ദുരന്തബാധിതരായ വെനസ്വേലയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ രംഗത്തെത്തി. ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ എന്ന പേരിൽ മെഡിക്കൽ സംഘത്തെ വെനസ്വേലയിലേക്ക് അയച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു. സ്പാനിഷ് ഭാഷയിൽ ‘അമിസ്റ്റാഡ്’ എന്നത് ‘സൗഹൃദം’ എന്നാണ് അർഥം.
ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലാണ് സഹായസംഘം വെനസ്വേലയിലെത്തിയത്. ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 41 അംഗ വിദഗ്ധ സംഘമാണ് ദൗത്യത്തിന്റെ ഭാഗമായത്. ഒമ്പത് മെഡിക്കൽ ഓഫീസർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും സംഘത്തിലുണ്ട്.
35 ടണ്ണിലധികം അടിയന്തര ജീവൻരക്ഷാ മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, താൽക്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള സാമഗ്രികൾ എന്നിവയും ഇന്ത്യ വെനസ്വേലയിലേക്ക് അയച്ചിട്ടുണ്ട്. ദുരന്തമുഖങ്ങളിൽ അതിവേഗം സജ്ജമാക്കാൻ കഴിയുന്ന രണ്ട് അത്യാധുനിക പോർട്ടബിൾ മൊബൈൽ ആശുപത്രി യൂണിറ്റുകളും ദൗത്യത്തിന്റെ ഭാഗമായി എത്തിച്ചിട്ടുണ്ട്.
വെനസ്വേലയിലെ ജനങ്ങൾ നേരിടുന്ന ഈ ദുഷ്കര സാഹചര്യത്തിൽ ഇന്ത്യ അവർക്കൊപ്പം ഉറച്ചുനിൽക്കുന്നതായും, ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ രാജ്യം സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കി.

