കോട്ടയം: ഐടി ഹബ്ബുകളിൽ ബാർ തുടങ്ങാനുള്ള നീക്കത്തെ മുൻ സർക്കാരിന്റെ കാലത്തും എതിർത്തിരുന്നുവെന്നും ഇന്നും എന്നും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജക്ട് കമ്മിറ്റി അംഗമായിരുന്ന താൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടും, എതിർപ്പില്ലെന്ന രീതിയിൽ മിനിറ്റ്സ് തയ്യാറാക്കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അത് മനസ്സിലാക്കിയ ഉടൻ തന്നെ രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നുവെന്ന് തിരുവഞ്ചൂർ പറഞ്ഞു. അന്ന് രണ്ട് ഫയലുകളാണ് പരിഗണനയിലുണ്ടായിരുന്നത്. അതിൽ ഒന്നിൽ ജോണി വാക്കർ ഉൾപ്പെടെയുള്ള മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനമുണ്ടായിരുന്നു. നികുതി ഇളവിൽ തർക്കമുണ്ടെന്ന് സബ്ജക്ട് കമ്മിറ്റിയിൽ തന്നെ വ്യക്തമാക്കിയതായും അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു ഫയൽ ഐടി ഹബ്ബുകളിൽ ബാർ തുടങ്ങുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. അത് സാധ്യമല്ലെന്ന നിലപാടാണ് അന്നും സ്വീകരിച്ചതെന്നും ഇന്നും അതേ നിലപാടിലാണെന്നും അദ്ദേഹം ആവർത്തിച്ചു. തിരുവഞ്ചൂർ പോലും ഇതിനെ എതിർത്തിരുന്നില്ലെന്ന രീതിയിലുള്ള പ്രചാരണം ഇപ്പോൾ വ്യാപകമാണെന്നും, ആ പ്രചാരണത്തിന്റെ കേന്ദ്രം ഏതാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ചൂതാട്ടം അനുവദിക്കുന്നതിനായുള്ള ബന്ധപ്പെട്ട ഫയലും അന്നുണ്ടായിരുന്നുവെന്നും, ചൂതാട്ടം അനുവദിക്കാനാകില്ലെന്ന നിലപാടാണ് അന്ന് സ്വീകരിച്ചതെന്നും തിരുവഞ്ചൂർ പറഞ്ഞു. ധനബിൽ നിയമസഭയിൽ വരാനിരിക്കുകയാണെന്നും, ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും, അതിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നിയമസഭാംഗങ്ങൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

