വീട്… അത് വെറും രണ്ടക്ഷരമുള്ള ഒരു വാക്കല്ല. മനുഷ്യന്റെ ജീവിതം, സ്വപ്നം, പ്രതീക്ഷ, സുരക്ഷ, ആത്മാഭിമാനം, അസ്തിത്വം-എല്ലാം ചേർന്നതാണ് ഒരു വീട്. മഴയും വെയിലും മഞ്ഞും ഏൽക്കാതെ, കുടുംബത്തിന്റെ ചിരിയും കണ്ണീരും സന്തോഷവും ദുഃഖവും പങ്കുവെച്ച് ജീവിക്കാൻ മനുഷ്യൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ ഇടമാണ് സ്വന്തം വീട്. ലോകത്തിലെ ഏത് സമൂഹത്തിലും പാർപ്പിടം എന്നത് ഒരു ആഡംബരമല്ല; അടിസ്ഥാന മനുഷ്യാവകാശമാണ്. എന്നാൽ എല്ലാവർക്കും ഈ സ്വപ്നം യാഥാർഥ്യമാകുന്നില്ല. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയിൽ കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഒരു വീടെന്ന സ്വപ്നം ഇന്നും അകലെയാണ്. അത്തരം ജനങ്ങളെ ചേർത്തുപിടിക്കേണ്ടത് ജനാധിപത്യ ഭരണകൂടത്തിന്റെ പ്രഥമ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഏറ്റവും മികച്ച രീതിയിൽ നിറവേറ്റിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
കേരളത്തിന്റെ ഭവനനിർമാണ ചരിത്രത്തിൽ ഏറ്റവും വലിയ സാമൂഹിക ഇടപെടലായിരുന്നു ലൈഫ് മിഷൻ. അത് ഒരു സർക്കാർ പദ്ധതി മാത്രമായിരുന്നില്ല; പാർപ്പിടമില്ലാത്ത മനുഷ്യരുടെ അന്തസ്സിനായുള്ള സാമൂഹിക പ്രഖ്യാപനമായിരുന്നു. അഞ്ചുലക്ഷത്തിലധികം കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് ലഭിച്ചപ്പോൾ, ഏകദേശം ഇരുപത് ലക്ഷത്തോളം മനുഷ്യരുടെ ജീവിതത്തിലാണ് പുതിയൊരു വെളിച്ചം തെളിഞ്ഞത്. ആ വീടുകളുടെ ചുമരുകളിൽ സിമന്റും കല്ലും മാത്രമല്ല; പ്രതീക്ഷയും ആത്മവിശ്വാസവും മനുഷ്യസ്നേഹവുമാണ് പണിതുയർത്തപ്പെട്ടത്. ഇത്തരമൊരു മഹത്തായ ദൗത്യത്തെ പോലും രാഷ്ട്രീയ പ്രചാരണത്തിന്റെ ഉപാധിയാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രവും ലോഗോയും സ്ഥാപിച്ചാൽ മാത്രമേ പദ്ധതിയുടെ ആനുകൂല്യം പൂർണമായി ലഭിക്കൂ എന്ന നിലപാട് ജനാധിപത്യത്തിന്റെ ആത്മാവിനോട് തന്നെ പൊരുത്തപ്പെടുന്നതാണോ എന്ന ചോദ്യം ഉയരുന്നു. പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് നിർമിക്കുന്ന വീടുകൾ ഒരാളുടെയും ഔദാര്യമല്ല. അത് ഒരു രാഷ്ട്രീയ നേതാവിന്റെ സമ്മാനവുമല്ല. ജനങ്ങൾ നികുതിയായി നൽകുന്ന പണത്തിൽ നിന്ന് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. അതിന് വ്യക്തിപൂജയുടെ മുദ്ര ചാർത്തുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനെ തന്നെ മുറിവേൽപ്പിക്കുന്നതാണ്. മുൻ ഇടത് സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് വ്യക്തമായിരുന്നു. വീട് ഒരാളുടെയും ദാനമല്ല, അവകാശമാണ്; അതിനാൽ വീടുകളിൽ ഒരു രാഷ്ട്രീയ നേതാവിന്റെയും പേരോ ചിത്രമോ ലോഗോയോ പതിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടിന് വ്യാപകമായ അംഗീകാരവും ലഭിച്ചു. എന്നാൽ ഇപ്പോൾ തദ്ദേശസ്വയംഭരണ മന്ത്രിയുടെ പ്രസ്താവന പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ‘കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന പണം വേണ്ടെന്ന് വയ്ക്കാനാവില്ല’ എന്ന വാദം പ്രായോഗികമായി കേൾക്കുമ്പോൾ ശരിയെന്നു തോന്നാമെങ്കിലും, ഇവിടെ ഉയരുന്നത് പണത്തിന്റെ പ്രശ്നമല്ല; ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. സംസ്ഥാനത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട വിഹിതം വാങ്ങുന്നത് ആരുടെയും ഔദാര്യം സ്വീകരിക്കുന്നതല്ല. അത് അവകാശമാണ്. കേന്ദ്രസർക്കാരുമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നത് ഏറ്റുമുട്ടലല്ല. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം നടത്തുന്ന ഭരണഘടനാപരമായ ഇടപെടലാണ് അത്. ജനാധിപത്യത്തിൽ അഭിപ്രായഭിന്നത സ്വാഭാവികമാണ്. അതിനെ സംഘർഷമായി ചിത്രീകരിക്കുന്നത് തെറ്റാണ്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് ഒരു ഫലകമോ ലോഗോയോ മാത്രമല്ല. ഒരു ദരിദ്രകുടുംബം സ്വന്തമായി ലഭിച്ച വീടിനെ എങ്ങനെ കാണുന്നു എന്നതാണ്. ആ വീട്ടിലേക്ക് കയറുന്ന കുട്ടിക്ക് അത് ‘സർക്കാരിന്റെ ദാനം’ എന്ന തോന്നലല്ല, ‘ഞങ്ങളുടെ സ്വന്തം വീട്’ എന്ന അഭിമാനമാണ് ഉണ്ടാകേണ്ടത്. ആ ആത്മവിശ്വാസമാണ് ഒരു സമൂഹത്തിന്റെ പുരോഗതിയുടെ അടിത്തറ. സാമൂഹ്യക്ഷേമ പദ്ധതികൾ രാഷ്ട്രീയ പരസ്യങ്ങളുടെ വേദിയാകരുത്. അവ ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ഭരണനിർവഹണ ഉപാധികളാണ്. ഭരണാധികാരികൾ മാറും, സർക്കാരുകൾ മാറും, എന്നാൽ ഒരു കുടുംബത്തിന് ലഭിക്കുന്ന വീട് തലമുറകൾക്ക് നിലനിൽക്കും. അതിനാൽ അതിൽ ഒരു വ്യക്തിയുടെയും രാഷ്ട്രീയ മുദ്ര പതിപ്പിക്കേണ്ട ആവശ്യമില്ല. കേരളം ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയ മാതൃകകൾ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മനുഷ്യാന്തസ്സിന്റെയുമാണ്. ആ പാരമ്പര്യം സംരക്ഷിക്കേണ്ട സമയമാണിത്. ജനങ്ങളുടെ പണത്തിൽ നിർമിക്കുന്ന വീടുകൾ ജനങ്ങളുടേതാണ്. അവയ്ക്ക് മേൽ ഒരാളുടെയും വ്യക്തിപരമായ അവകാശവാദമോ രാഷ്ട്രീയ മുദ്രയോ പാടില്ല. വീട് ദാനമല്ല. അവകാശമാണ്. ആ അവകാശത്തിന് മേൽ രാഷ്ട്രീയത്തിന്റെ നിഴൽ വീഴാൻ അനുവദിക്കരുത്.
4

