Home Top Storiesശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രതിപ്പട്ടികയിൽ; എസ്‌ഐടി റിപ്പോർട്ട് ഹൈക്കോടതിയിൽ

ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രതിപ്പട്ടികയിൽ; എസ്‌ഐടി റിപ്പോർട്ട് ഹൈക്കോടതിയിൽ

by news_desk1
0 comments

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രതിചേർത്തു. 2025ലെ സ്വർണക്കൊള്ളക്കേസിലാണ് പ്രശാന്തിനെ നാലാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്.

അന്തരിച്ച ശബരിമല മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവാണ് കേസിലെ ഒന്നാം പ്രതി. സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാം പ്രതിയും, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയുമാണ്. ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ അഞ്ചാം പ്രതിയും, തന്ത്രി കണ്ഠരര് രാജീവർ ആറാം പ്രതിയും, തിരുവാഭരണം കമ്മീഷണർ രജിലാൽ ഏഴാം പ്രതിയുമാണ്.

ഭാരതീയ ന്യായ സംഹിതയിലെ 316 (2), 316 (5), 336 (2), 61 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്ക് കേസിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വ്യക്തമാക്കുന്നത്.

പി എസ് പ്രശാന്ത് ഉൾപ്പെടെ ഏഴ് പേരുടെ പങ്ക് തെളിയിക്കുന്ന ശക്തമായ തെളിവുകൾ ലഭിച്ചതായി എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചതെന്നും, വിശ്വാസവഞ്ചനയും വ്യാജരേഖ ചമയ്ക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2019ലെ തട്ടിപ്പ് മറച്ചുവയ്ക്കുന്നതിനായാണ് 2025ൽ ദ്വാരപാലക പാളികൾ കൊണ്ടുപോയതെന്നും, അതിന്റെ ഭാഗമായി 2023ൽ തന്നെ ക്രിമിനൽ ഗൂഢാലോചന നടന്നതായും എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു.

സ്വർണക്കൊള്ളക്കേസിലെ അന്വേഷണം പൂർത്തിയായതായും ഇനി കുറ്റപത്രം സമർപ്പിക്കുക മാത്രമാണ് ശേഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര ലാബിൽ നിന്നുള്ള പരിശോധനയുടെ അവലോകന റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ചിലർക്കെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു.

കേസ് ജൂലൈ 20ന് വീണ്ടും പരിഗണിക്കും.

ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റപത്രം എപ്പോൾ സമർപ്പിക്കാനാകുമെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ മാസം 29നകം സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി റിപ്പോർട്ട് ഹാജരാക്കിയത്.

You may also like