Home WORLD CUP 26‘ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി ഈ ലോകകപ്പ് ഞങ്ങൾ നേടും’; വികാരാധീനനായി പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്

‘ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി ഈ ലോകകപ്പ് ഞങ്ങൾ നേടും’; വികാരാധീനനായി പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്

by news_desk
0 comments

കാറപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട പ്രിയ താരം ഡിയോഗോ ജോട്ടയുടെ ഓർമ്മകൾക്ക് മുന്നിൽ ലോകകപ്പ് കിരീടം സമർപ്പിക്കുമെന്ന പ്രഖ്യാപനവുമായി പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ഇപ്പോഴത്തെ പോർച്ചുഗൽ ടീം കൈവരിച്ച എല്ലാ വലിയ നേട്ടങ്ങളിലും ജോട്ടയുടെ പങ്കാളിത്തം ഉണ്ടായിരുന്നുവെന്നും, മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കാനും അദ്ദേഹത്തിന്റെ ഓർമ്മകളാണ് ടീമിന് പ്രചോദനമെന്നും വാർത്താസമ്മേളനത്തിൽ മാർട്ടിനെസ് വികാരാധീനനായി പറഞ്ഞു.

“തീർച്ചയായും ഞങ്ങൾക്ക് എല്ലാ ദിവസവും പ്രയാസകരമാണ്. പരിശീലനത്തിനിടെ പോലും പലപ്പോഴും ഡിയോഗോ ജോട്ടയുടെ ഓർമ്മകൾ മനസ്സിലേക്ക് തിരികെയെത്താറുണ്ട്. അദ്ദേഹത്തിന്റെ ചരമവാർഷികം മാത്രമാണ് ഏറ്റവും പ്രയാസകരമായ ദിവസം എന്ന് ഞാൻ പറയില്ല. മറിച്ച്, അത് അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും ഓർക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു അവസരമായാണ് ഞാൻ കാണുന്നത്. ഈ ടീമിൽ ഞങ്ങൾ നേടിയ എല്ലാ നേട്ടങ്ങളുടെയും തുടക്കം ഡിയോഗോ ജോട്ടയോടൊപ്പമായിരുന്നു. അദ്ദേഹത്തോടൊപ്പമാണ് ഞങ്ങൾ നേഷൻസ് ലീഗ് കിരീടം നേടിയത്. ഞങ്ങൾക്ക് മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ ലക്ഷ്യമിടാനും പ്രചോദനവും വെളിച്ചവും പകരുന്ന പ്രതീകമാണ് അദ്ദേഹം. അദ്ദേഹത്തിനായി ലോകകപ്പ് നേടുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം,” റോബർട്ടോ മാർട്ടിനെസ്സ് വ്യക്തമാക്കി.

2025 ജൂലൈ 3-നായിരുന്നു സ്പെയിനിലെ സമോറയിൽ വെച്ചുണ്ടായ ദാരുണമായ കാറപകടത്തിൽ ഡിയോഗോ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും കൊല്ലപ്പെടുന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ലംബോർഗിനി കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ടയർ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ വിശ്വസ്തനായ ഫോർവേഡായിരുന്ന ജോട്ട 182 മത്സരങ്ങളിൽ നിന്ന് 65 ഗോളുകളും 22 അസിസ്റ്റുകളും നേടി തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു അകാലവിയോഗം.

അതേസമയം, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ശക്തരായ ക്രൊയേഷ്യയുമായാണ് പോർച്ചുഗലിന്റെ അടുത്ത പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ ഡി.ആർ കോംഗോയോടും കൊളംബിയയോടും സമനില വഴങ്ങിയ പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെതിരെ മാത്രമാണ് വിജയം കണ്ടത്. മധ്യനിരയുടെയും മുന്നേറ്റനിരയുടെയും സ്ഥിരതയില്ലാത്ത പ്രകടനമാണ് കളിയിൽ പോർച്ചുഗലിന് വലിയ തലവേദന സൃഷ്ടിക്കുന്നത്. ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ട ഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഫോം കണ്ടെത്തിയെങ്കിലും ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലെ മോശം പ്രകടനം മറികടന്ന് നോക്കൗട്ടിൽ ടീം ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

You may also like