Home Top Storiesവാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്ത മാറ്റങ്ങൾക്ക് അനുമതി, വിശദ പരിശോധനയെന്ന് മന്ത്രി സി പി ജോൺ

വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്ത മാറ്റങ്ങൾക്ക് അനുമതി, വിശദ പരിശോധനയെന്ന് മന്ത്രി സി പി ജോൺ

by news_desk1
0 comments

തിരുവനന്തപുരം: വാഹനങ്ങളിൽ അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ അനുവദിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി സി പി ജോൺ. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ നിയമാവലിയാണ് ബാധകമെന്നും, കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗുകൾ, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനിൽക്കാത്ത തരത്തിലുള്ള ഘടകങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

സജി ചെറിയാൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തത് ആക്ഷേപിക്കപ്പെടുന്ന സാഹചര്യമല്ലേയെന്നും സർക്കാർ വാഹന മോഡിഫിക്കേഷൻ അനുവദിക്കുമോയെന്നും സജി ചെറിയാൻ ചോദിച്ചു. ഇതിനാണ് അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് മന്ത്രി മറുപടി നൽകിയത്.

‘മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്രത്തിന്റെ നിയമാവലിയാണ് ബാധകം. അപകടകരമല്ലാത്ത മാറ്റങ്ങൾക്ക് അനുമതി നൽകും. അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ അനുവദിക്കാനാവില്ല. എന്നാൽ കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗുകൾ, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനിൽക്കാത്ത തരത്തിലുള്ള ഘടകങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണ്,’ മന്ത്രി പറഞ്ഞു.

പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രീ-ലൈസൻസ് ലേണിംഗ് നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയുടെ നിയന്ത്രണത്തിൽ മാത്രം ഡ്രൈവിംഗ് സ്കൂളുകൾ വന്നാൽ മതിയാകില്ല. കൂടുതൽ പേരെ ഡ്രൈവിംഗ് മേഖലയിലേക്ക് കൊണ്ടുവരും. വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ച് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രീ-ലൈസൻസ് പരിശീലനം നൽകുന്നതും പാഠ്യപദ്ധതിയിൽ ഡ്രൈവിംഗ് നിയമങ്ങൾ ഉൾപ്പെടുത്തുന്നതും പരിഗണിക്കും. 18 വയസ് പൂർത്തിയാകുമ്പോൾ ലൈസൻസ് ലഭിക്കുന്ന രീതിയിലായിരിക്കും പരിശീലനം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയും സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് മേഖലയെ പൊതുഗതാഗതം കൈകാര്യം ചെയ്യുന്ന നിക്ഷേപകരുടെ മേഖലയായാണ് സർക്കാർ കാണുന്നതെന്നും അതുകൊണ്ടാണ് ബജറ്റിൽ വാഹന നികുതി പകുതിയായി കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ വർഷത്തിൽ ഏകദേശം 50,000 രൂപയുടെ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും ഒരേ രീതിയിലുള്ള പ്രതിസന്ധിയല്ല നിലനിൽക്കുന്നതെന്നും നെയ്യാറ്റിൻകരയിലും മലപ്പുറത്തും കാര്യമായ പ്രശ്നങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഒരുമിച്ച് സർവീസ് നടത്തുന്ന മേഖലകളിൽ സ്ത്രീ യാത്രക്കാർ കൂടുതലായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നതിനാൽ സ്വകാര്യ ബസുകളുടെ യാത്രക്കാരുടെ എണ്ണം പ്രതിദിനം 1,500 മുതൽ 2,000 വരെ കുറഞ്ഞതായി പ്രതിനിധികൾ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യം ഗൗരവത്തോടെ പരിഗണിച്ചുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like