വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ജന്മാവകാശമല്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് യു.എസ്. സുപ്രീംകോടതി റദ്ദാക്കി. അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം ജന്മാവകാശമാണെന്നും അത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും വ്യക്തമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതോടെ, ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തിൽ കുടിയേറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന പ്രധാന എക്സിക്യൂട്ടീവ് ഉത്തരവുകളിലൊന്നിന് തിരിച്ചടിയായി.
മാതാപിതാക്കൾക്ക് അമേരിക്കൻ പൗരത്വമില്ലെങ്കിലും അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായി ലഭിക്കുന്ന ‘ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ്’ എടുത്തുകളയാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒൻപതംഗ ബെഞ്ചിൽ ആറിനെതിരെ മൂന്ന് വോട്ടുകൾക്കാണ് ചരിത്രപരമായ വിധി വന്നത്.
അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതിയുടെ അടിസ്ഥാനത്തിൽ 1868 മുതൽ നിലനിൽക്കുന്ന ഭരണഘടനാ തത്വം മാറ്റാനുള്ള ശ്രമമായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നീക്കം. നിലവിലുള്ള നിയമത്തെ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മുൻപ് രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ വിദേശ നയതന്ത്രജ്ഞരുടെ മക്കൾ ഉൾപ്പെടെയുള്ള ചില പരിമിതമായ ഒഴിവുകൾ ഒഴികെ, മാതാപിതാക്കളുടെ കുടിയേറ്റ പദവി എന്തുതന്നെയായാലും അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അർഹതയുണ്ടെന്ന ഭരണഘടനാ തത്വം സുപ്രീംകോടതി വീണ്ടും ശരിവെച്ചു.
ട്രംപിന്റെ ഈ എക്സിക്യൂട്ടീവ് ഉത്തരവ് വർഷത്തിൽ രണ്ടര ലക്ഷത്തിലധികം കുഞ്ഞുങ്ങളെ നേരിട്ട് ബാധിക്കുന്നതായാണ് വിലയിരുത്തപ്പെട്ടിരുന്നത്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ, സെക്കൻഡ് ലേഡി ഉഷ വാൻസ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ജന്മാവകാശ പൗരത്വത്തിന്റെ ആനുകൂല്യം ലഭിച്ചവരാണെന്നതും കേസിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായി. പുതിയ വിധിയോടെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് സുപ്രീംകോടതിയിൽ നിന്ന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

