ലോകകപ്പ് ഫുട്ബോളിൽ സ്വീഡനെതിരെ നടത്തിയ തകർപ്പൻ ഇരട്ടഗോൾ പ്രകടനത്തോടെ അന്താരാഷ്ട്ര ഫുട്ബോളിലെ വ്യക്തിഗത മേധാവിത്വം ഉറപ്പിച്ച് ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. ടൂർണമെന്റിലെ മികച്ച കളിക്കാരെ നിശ്ചയിക്കുന്ന ഫിഫയുടെ പവർ റാങ്കിംഗിലും ടോപ് സ്കോറർമാർക്കുള്ള ഗോൾഡൻ ബൂട്ട് റേസിലും അർജന്റീന നായകൻ ലയണൽ മെസ്സിയെ പിന്തള്ളി എംബാപ്പെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
കളിക്കാരുടെ അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫൻഡിംഗ് എന്നീ മൂന്ന് നിർണായക വിഭാഗങ്ങളിലെ പ്രകടന നിലവാരം വിലയിരുത്തിയാണ് ഫിഫ പവർ റാങ്കിംഗ് തയാറാക്കുന്നത്. പുതിയ റാങ്കിംഗ് പ്രകാരം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ എംബാപ്പെ ഒന്നാമതെത്തിയപ്പോൾ മെസ്സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എംബാപ്പെക്ക് അറ്റാക്കിംഗിൽ 8.79, ക്രിയേറ്റിവിറ്റിയിൽ 7.48, ഡിഫൻഡിംഗിൽ 4.71 എന്നിങ്ങനെയാണ് നിലവിലെ സ്കോർ. അതേസമയം, മെസ്സിയുടേത് യഥാക്രമം 8.27, 6.38, 5.17 എന്നിങ്ങനെയാണ്. റാങ്കിംഗിൽ നാല് സ്ഥാനങ്ങൾ ഉയർന്ന നോർവേയുടെ ഏർലിങ് ഹാലണ്ടാണ് മൂന്നാം സ്ഥാനത്തുള്ളത്. ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ ഒരു സ്ഥാനം താഴേക്ക് ഇറങ്ങി അഞ്ചാമതും ഫ്രാൻസിന്റെ ഒസ്മാൻ ഡെംബെലെ ഏഴാമതുമാണ്. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 74-ാം സ്ഥാനത്താണ്. ഫ്രഞ്ച് യുവതാരം മൈക്കൽ ഒലീസെ 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 71-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഐവറികോസ്റ്റിന്റെ അമാഡ് ഡിയാലോ (10-ാം സ്ഥാനം), മെക്സിക്കോയുടെ ഹൂലിയൻ ക്വിനോണസ് (11-ാം സ്ഥാനം) എന്നിവരും കുതിപ്പ് നടത്തി. 106 സ്ഥാനങ്ങൾ ഒറ്റയടിക്ക് കയറി 30-ാം സ്ഥാനത്തെത്തിയ നോർവേയുടെ അന്റോണിയോ നൂസയാണ് റാങ്കിംഗിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്.
ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിലും മെസ്സിയെ മറികടന്ന് എംബാപ്പെ ഒന്നാമതെത്തി. ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഫ്രഞ്ച് നായകന്റെ അക്കൗണ്ടിലുള്ളത്. ആറ് ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും അസിസ്റ്റുകൾ ഒന്നും ഇല്ലാത്തതാണ് മെസ്സിയെ രണ്ടാമതാക്കിയത്. 5 ഗോളുകളുമായി നോർവേയുടെ ഏർലിങ് ഹാലണ്ട് മൂന്നാമതുണ്ട്. നാല് ഗോളും രണ്ട് അസിസ്റ്റുമുള്ള ഫ്രാൻസിന്റെ ഒസ്മാൻ ഡെംബെലെ നാലാമതും നാല് ഗോളും ഒരു അസിസ്റ്റുമുള്ള വിനീഷ്യസ് ജൂനിയർ അഞ്ചാമതുമാണ്.

