സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ചരിത്ര മുന്നേറ്റം ലക്ഷ്യമിടുന്ന ആതിഥേയരായ അമേരിക്ക പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ആവേശകരമായ നോക്കൗട്ട് പോരാട്ടത്തിൽ ബോസ്‌നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് അമേരിക്ക അവസാന പതിനാറിലേക്ക് യോഗ്യത നേടിയത്. അമേരിക്കയ്ക്കായി ഫൊളാരിൻ ബലോഗൻ (45-ാം മിനിറ്റ്), മാലിക് ടിൽമാൻ (81-ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. മറുപടി ഗോളിനായി ബോസ്‌നിയ പലതവണ കിണഞ്ഞു ശ്രമിച്ചെങ്കിലും ആതിഥേയരുടെ പ്രതിരോധക്കോട്ട തകർക്കാനായില്ല. പ്രീക്വാർട്ടറിൽ കരുത്തരായ ബെൽജിയമാണ് അമേരിക്കയുടെ എതിരാളികൾ.
മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായി അവസാനിക്കുമെന്ന് കരുതിയിരുന്ന നിമിഷത്തിലാണ് ബോസ്‌നിയയെ ഞെട്ടിച്ചുകൊണ്ട് അമേരിക്ക ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ മാലിക് ടിൽമാൻ നൽകിയ പാസ് ബോസ്നിയൻ പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി അപ്രതീക്ഷിതമായി ബലോഗന് ലഭിക്കുകയായിരുന്നു. ബോക്‌സിനകത്തുനിന്ന് പന്ത് സ്വീകരിച്ച ബലോഗൻ കൃത്യമായി വലയിലെത്തിച്ചു. ഇതോടെ ഒന്നിന്റെ ലീഡുമായി ആത്മവിശ്വാസത്തോടെയാണ് അമേരിക്ക ഇടവേളയ്ക്ക് പിരിഞ്ഞത്. നേരത്തെ കളിയുടെ 32-ാം മിനിറ്റിലും ബലോഗൻ ബോസ്‌നിയൻ വല കുലുക്കിയിരുന്നെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചിരുന്നു. നന്നായി കളിച്ചിട്ടും ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ ഗോൾ വഴങ്ങേണ്ടി വന്നത് ബോസ്‌നിയക്ക് വലിയ തിരിച്ചടിയായി.
രണ്ടാം പകുതിയിൽ കളം നിറഞ്ഞുകളിച്ച ബോസ്‌നിയ ഗോൾ മടക്കാൻ നിരന്തരം ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. അമേരിക്കൻ പ്രതിരോധത്തെ വിറപ്പിച്ചു കൊണ്ട് അവർ നിരവധി ഷോട്ടുകൾ തൊടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല. അതിനിടെ മത്സരത്തിൽ അമേരിക്കയ്ക്ക് വലിയ ഞെട്ടലായി ഗോൾ സ്കോറർ ഫൊളാരിൻ ബലോഗൻ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. ബോസ്‌നിയൻ താരം മുഹെറമോവിക്കിന്റെ കാലിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിനിടെ അബദ്ധത്തിൽ താരത്തിന്റെ കണങ്കാലിൽ ചവിട്ടിയതിനാണ് റഫറി റെഡ് കാർഡ് നൽകിയത്.
പത്തുപേരിലേക്ക് ചുരുങ്ങിയത് അമേരിക്കയെ കടുത്ത പ്രതിസന്ധിയിലാക്കിയെങ്കിലും പ്രതിരോധത്തിൽ വിള്ളലുണ്ടാകാതെ അവർ കാത്തുസൂക്ഷിച്ചു. ഇതിനിടെ അമേരിക്കയുടെ മറ്റൊരു മുന്നേറ്റം കൂടി ഓഫ് സൈഡിൽ കുരുങ്ങി. എന്നാൽ 81-ാം മിനിറ്റിൽ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് കൃത്യമായി വിനിയോഗിച്ച് അമേരിക്ക വിജയമുറപ്പിച്ചു. ഫ്രീകിക്ക് എടുത്ത മാലിക് ടിൽമാൻ പന്ത് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളോടെ ബോസ്‌നിയ പൂർണ്ണമായും മത്സരത്തിൽ നിന്ന് പുറത്തായി. പത്തുപേരുമായി പൊരുതി നേടിയ ഈ തകർപ്പൻ വിജയത്തോടെ പ്രീക്വാർട്ടറിലെത്തിയ അമേരിക്കയ്ക്ക് ബെൽജിയത്തിനെതിരെയുള്ള പോരാട്ടം കടുത്ത പരീക്ഷണമാകും.

